മന്ത്രി ജലീല്‍ പങ്കെടുത്ത അദാലത്ത് നിയമവിരുദ്ധമെന്ന് ഗവര്‍ണര്‍

8

അദാലത്തിലെ തീരുമാനം റദ്ദാക്കാത്തത് വിദ്യാര്‍ത്ഥിയുടെ ഭാവിയെ കരുതി
ആവര്‍ത്തിക്കരുതെന്ന് സര്‍വകലാശാലക്ക് താക്കീത്‌

തിരുവനന്തപുരം: ക്രമവിരുദ്ധമായി സര്‍വ്വകലാശാലയില്‍ അദാലത്ത് നടത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത്. മന്ത്രി കെ.ടി ജലീലും പ്രൈവറ്റ് സെക്രട്ടറിമാരും സര്‍വ്വകലാശാല ഉദ്യോഗസ്ഥരും പങ്കെടുത്ത് ഫയല്‍ അദാലത്ത് സംഘടിപ്പിച്ചതും തീരുമാനങ്ങള്‍ കൈക്കൊണ്ടതും നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
മന്ത്രിയുടെ നിര്‍ദ്ദേശാനുസരണം സര്‍വ്വകലാശാല അദാലത്  സംഘടിപ്പിച്ചതും അദാലത്തില്‍ തോറ്റ ബിടെക് വിദ്യാര്‍ത്ഥിയെ വീണ്ടും മൂല്യനിര്‍ണയം നടത്തി വിജയിപ്പിക്കാന്‍ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി, സര്‍വ്വകലാശാല ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ക്കു നല്‍കിയ പരാതിയിന്മേല്‍ പരാതിക്കാരുടെയും സര്‍വകലാശാല അധികൃതരുടെയും  വിശദീകരണങ്ങള്‍ നേരിട്ട് കേട്ടശേഷമാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി.
സര്‍വകലാശാലാ അധികൃതര്‍ക്ക്  നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും നല്‍കാനായി  അദാലത്തുകള്‍ സംഘടിപ്പിക്കാമെന്നു സര്‍വ്വകലാശാല ചട്ടങ്ങള്‍ അനുശാസിക്കുന്നില്ല. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ഫയല്‍ അദാലത്ത്് കമ്മിറ്റി  രൂപീകരിച്ചതും തീരുമാനങ്ങള്‍  കൈക്കൊണ്ടതും  യൂണിവേഴ്‌സിറ്റി ആക്ടിലെ വ്യവസ്ഥകള്‍ക്ക്  വിരുദ്ധമായ നടപടിയാണെന്ന് ഗവര്‍ണര്‍ ഉത്തരവില്‍ പറയുന്നു.
സര്‍വ്വകലാശാല ഒരു സ്വയംഭരണ സ്ഥാപനമായതിനാല്‍ സര്‍വ്വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാന്‍ പാടില്ലെന്ന 2003 ലെ  സുപ്രീം കോടതി ഉത്തരവും ഗവര്‍ണര്‍  ചൂണ്ടിക്കാട്ടി. അദാലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക് താന്‍  കടക്കുന്നില്ലന്നും മേലില്‍ ചട്ടങ്ങളും നടപടിക്രമങ്ങളും യൂണിവേഴ്‌സിറ്റി  അധികൃതര്‍ കൃത്യമായി പാലിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
തോറ്റ ഒരു ബിടെക് വിദ്യാര്‍ഥിയുടെ ഉത്തര കടലാസ് മൂന്നാമത് മൂല്യനിര്‍ണയം നടത്തിയ അദാലത്ത് തീരുമാനം റദ്ദാക്കാണമെന്ന പരാതികാരന്റെ ആവശ്യത്തിന്മേല്‍ വിദ്യാര്‍ഥിയുടെ ഭാവിയെക്കരുതി ഗവര്‍ണര്‍ ഇടപെട്ടില്ല. എന്നാല്‍ ഇത് ഒരു കീഴ്‌വഴക്കമായി കാണരുതെന്നും പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഉണ്ടാകുന്ന ഇത്തരം ക്രമക്കേടുകള്‍ സര്‍വകലാശാലയുടെ സല്‍പ്പേരിനെ ബാധിക്കുമെന്നും ഗവര്‍ണര്‍ ഉത്തരവില്‍ പറയുന്നു.
പരാതി നല്‍കിയ സേവ്  യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍. എസ് ശശികുമാര്‍, സെക്രട്ടറി എം. ഷാജര്‍ഖാന്‍ എന്നിവര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടവും സാങ്കേതിക സര്‍വകലാശാല വി.സി. ഡോ.എം.എസ് രാജശ്രീക്ക് വേണ്ടി യൂണിവേഴ്‌സിറ്റി സ്റ്റാന്റിംഗ് കൗണ്‍സല്‍ എഡ്വിന്‍ പീറ്ററുമാണ് ഹിയറിങ്ങിനു ഹാജരായത്.