കാഞ്ഞങ്ങാട്: മുറിയനാവി ബാവ നഗറിന് സമീപം പത്തോളം തെരുവുനയികളും കാക്കകളും ചത്തനിലയില്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലാണ് നായകള്‍. ഞായറാഴ്ച രാത്രി എട്ടരയോടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും പട്ടികള്‍ നിര്‍ത്താതെ കുരക്കുന്നതു കേട്ടിരുന്നുവെന്ന് നാട്ടുകാരനായ പടന്ന ഖാദര്‍ പറഞ്ഞു. വിവരമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് സീനിയര്‍ വെറ്റിനറി സര്‍ജ്ജന്‍ ഡോ. ജിഎം സുബിന്‍, ഡോ. ടിറ്റോ ജോസഫ്, സേതുലക്ഷ്മി, വിനീത, നിധിഷ് തുടങ്ങിയ വിദഗ്്ദ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ മരണകാരണം കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്ന് സംഘം വെളിപ്പെടുത്തി. അതേസമയം വിഷം അകത്തുചെന്നതായിരിക്കാം മരണ കാരണമെന്നാണ് സംശയിക്കുന്നത്.