തിരുവനന്തപുരം: കവിയും ഭാഷാ പണ്ഡിതനുമായ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം വെള്ളയമ്പലം ഇലങ്കം ഗാര്‍ഡന്‍സ് ഗീതില്‍ മകള്‍ ഗീത ആര്‍. പുതുശേരിക്കൊപ്പമായിരുന്നു താമസം.മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ പദവി നേടി എടുക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച പുതുശ്ശേരി മാവേലിക്കര താലൂക്കിലെ വള്ളികുന്നത്ത് 1928 സെപ്തംബര്‍ 23ന് പോക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശ്ശേരില്‍ ജാനകിയമ്മയുടെയും മകനായാണ് ജനിച്ചത്. മണക്കാട് പ്രൈമറിസ്‌കൂള്‍, വട്ടയ്ക്കാട്ട് ഗവ. യു.പി സ്‌കൂള്‍, വള്ളികുന്നം എസ്.എന്‍.ഡി.പി സംസ്‌കൃത ഹൈസ്‌കൂള്‍, ഭരണിക്കാവ് പോപ്പ് പയസ് ഇലവന്‍ത് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. സംസ്‌കൃതം ശാസ്ത്രി, ഇ.എസ്.എല്‍.സി പരീക്ഷകള്‍ പാസായി. പതിനേഴാം വയസില്‍ കവിതയിലൂടെയായിരുന്നു സാഹിത്യ രംഗപ്രവേശം. ഗ്രാമീണ ഗായകനെന്ന കാവ്യസമാഹാരമായിരുന്നു ആദ്യ രചന. ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ് ഭാഷകളിലെ രചനകളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. തമിഴിലെ ഭക്തികാവ്യമായ കുലശേഖര ആള്‍വാരുടെ പെരുമാള്‍ തിരുമൊഴിയുടെ വിവര്‍ത്തനത്തിന്് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വള്ളിക്കുന്നം സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട പുതുശ്ശേരി 1947 ഓഗസ്റ്റ് 15ന് അതേ സ്‌കൂളില്‍ പതാക ഉയര്‍ത്തി. കൊല്ലം എസ്.എന്‍ കോളേജ്, ശിവഗിരി എസ്.എന്‍ കോളജ് എന്നിവിടങ്ങളില്‍ അധ്യാപകനായും കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍ ലക്ചറര്‍ ആയും പ്രവര്‍ത്തിച്ചു. 1988 ല്‍ പ്രഫസറും പൗരസ്ത്യ ഭാഷാ ഫാക്കല്‍റ്റി ഡീനും ആയിരിക്കെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. മോസ്‌കോ സര്‍വകലാശാല, ലെനിന്‍ ഗ്രാഡ് യൂണിവേഴ്സിറ്റി, ടെക്സാസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ( പേജ്-09 വായിക്കുക)