
കേരളത്തില്‍ ഇന്നലെ മാത്രം എട്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 14ലെത്തി. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ രോഗംബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മൂന്നു വയസ്സുകാരന്റെ മാതാപിതാകള്ക്കാണ് ഏറ്റവും ഒടുവില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തൊട്ടാകെ 1495 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 259 പേര് ആസ്പത്രിയിലും മറ്റുള്ളവര്‍ വീട്ടിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചും പൊതുപരിപാടികള്‍ റദ്ദാക്കിയും രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. ആളുകള്‍ സംഘം ചേരുന്ന എല്ലാ ചടങ്ങുകളും തല്‍ക്കാലത്തേക്ക് മാറ്റിവെക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട 7, കോട്ടയം 4, എറണാകുളം 3 എന്നിങ്ങനെയാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. ഇതില്‍ കോട്ടയം മെഡിക്കല്‍ കോളജിയില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇറ്റലിയില്‍ നിന്നെത്തിവരില്നിന്ന് കൂടുതല്‍ പേരിലേക്ക് രോഗം പടരാന്‍ ഇടയുണ്ടെന്നും മന്ത്രി പറഞ്ഞു. 980 പേരുടെ രക്ത സാമ്പിളുകളാണ് ഇന്നലെ കോവിഡ് സംശയത്തെതുടര്‍ന്ന് പരിശോധനക്ക് അയച്ചത്. ഇതില്‍ 815 പേരുടെ ഫലം നെഗറ്റീവ് ആണ്. എട്ടുപേരുടെ ഫലം പോസിറ്റീവും. ശേഷിച്ചവരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നെടുമ്പാശേരി വിമാനത്താവളം വഴി മാര്‍ച്ച് ഏഴിന് ഇറ്റലിയില്‍ നിന്നെത്തിയ കുട്ടിയുടെ ശരീര സ്രവങ്ങള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് നടത്തിയ പരിശോധനയതില് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് മാതാപിതാക്കളുടെ സാമ്പിളുകളും പരിശോധനക്ക് അയച്ചത്. മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ 6.30ന് ദുബൈ വിമാനത്താവളം വഴിയാണ് മൂവരും ഇറ്റലിയില്‍നിന്ന് എത്തിയത്. എമിറേറ്റ്സ് (ഇ.കെ 530) വിമാനത്തിലാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. ഇറ്റലിയില്‍ നിന്ന് ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍ വഴി കൊച്ചിയിലെത്തിയ 26 യാത്രക്കാരെക്കൂടി ഇന്നലെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ മാത്രം 17 പേരാണ് ഐസൊലേഷനിലുള്ളത്. 281 പേര് വീടുകളിലും നിരീക്ഷണത്തിലുണ്ട്. പത്തനംതിട്ട ജില്ലയില്‍ രണ്ടുപേര്‍ക്കുകൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു. കോഴഞ്ചേരി ജില്ലാ ആസ്പത്രി ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന രണ്ടുപേരുടെ സാമ്പിളുകളാണ് പോസിറ്റീവായത്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികളുമായി നേരിട്ട് ഇടപഴകിയവരാണ് ഇവരെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ നിലവില്‍ 21 പേര് ആസ്പത്രികളില്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. 733 പേര് വീടുകളിലും നിരീക്ഷണത്തിലുണ്ട്.
മൂന്നു വയസ്സുകാരന്റെ
നില തൃപ്തികരം
കൊച്ചി: കൊച്ചിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ള മൂന്നു വയസ്സുകാരന്റെ നില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ മതാപിതാക്കള്‍ക്കും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ എറണാകുളം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം മൂന്നായി. മാര്‍ച്ച് ഏഴിനാണ് ദുബൈ വിമാനത്താവളം വഴി കുട്ടിയും മാതാപിതാക്കളും ഇറ്റലിയില്‍ നിന്നെത്തിയത്. ഇറ്റലിയില്‍ നിന്ന് ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍ വഴി ഇന്നലെ കൊച്ചിയിലെത്തിയ 26 യാത്രക്കാരെയും മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.