തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച എറണാകുളത്തെ കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 14 ആയി. പുതിയതായി രണ്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മാത്രം എട്ടുപേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ചികിത്സയിലുള്ളവരുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ 1495 പേര്‍ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരില്‍ 259 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയിൽ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറുപേര്‍ക്ക് ഇന്ന് രാവിലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയിൽ നിന്ന് എത്തിയ കുടുബത്തെ സ്വീകരിക്കാൻ എയര്‍പോര്‍ട്ടിൽ പോയ രണ്ട് പേര്‍ക്കും, വീട്ടിലെ പ്രായമായ അച്ഛനും അമ്മക്കും, റാന്നിയിൽ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.