കേരളത്തില്‍ മൂന്നുപേര്‍ക്ക് കൂടി

22
കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ മുന്‍കരുതലിന്റെ ഭാഗമായി മാസ്‌ക് ധരിച്ച് ജോലിക്കെത്തിയ നഴ്‌സുമാര്‍

ഡല്‍ഹിയില്‍ വയോധിക മരിച്ചു; ആശ്വാസമായി നെഗറ്റീവ് ഫലങ്ങള്‍

കേരളത്തില്‍ ഇന്നലെ മൂന്നുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിനോദ സഞ്ചാരത്തിനായി രാജ്യത്തെത്തിയ ഇറ്റലി പൗരനും ദുബൈയില്‍നിന്നും ബ്രിട്ടനില്‍നിന്നും എത്തിയ ഓരോ മലയാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയെതുടര്‍ന്ന് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി ഉയര്‍ന്നു. നേരത്തെ രോഗമുക്തി നേടിയ മൂന്നുപേര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 22ലെത്തി. ഇന്നലെ രാത്രി വൈകി രാജ്യത്ത് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു. ഡല്‍ഹി ജനക്പുരിയിലെ 69 കാരിയാണ് മരിച്ചത്. ഇവരുടെ മകന് നേരത്തെ രോഗമുണ്ടായിരുന്നു.കേരളത്തില്‍ രോഗം സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടിലാണ് തങ്ങിയിരുന്നത്. ഇയാളെ ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റൊരു ഇറ്റാലിയന്‍ പൗരന്‍ രോഗബാധയെതുടര്‍ന്ന് നേരത്തെതന്നെ സംസ്ഥാനത്ത് ചികിത്സയിലുണ്ട്. ദുബൈയില്‍ നിന്ന് എത്തിയ തിരുവനന്തപുരം സ്വദേശിക്ക് വൈറസ് ബാധ സംശയിക്കുന്നതായി വ്യാഴാഴ്ച തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്നലെ കാലത്താണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. വൈകിട്ടോടെയാണ് ബ്രിട്ടനില്‍നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ഇന്നലെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തൊട്ടാകെയുള്ള കോവിഡ് 19 ബാധിതരുടെ എണ്ണം 81 ആയി ഉയര്‍ന്നു. രോഗവ്യാപനം ശക്തിയാര്‍ജ്ജിക്കുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്തെത്തി. മഹാരാഷ്ട്ര, ഹരിയാന, ബിഹാര്‍, ഒഡീഷ സംസ്ഥാനങ്ങള്‍ കോവിഡ് 19നെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടച്ചിടുകയും പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തു. ആളുകള്‍ സംഘം ചേരുന്നതിനും നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. കേരളവും ഡല്‍ഹിയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരത്തെതന്നെ ഈ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് ഉള്‍പ്പെടെ നീട്ടിവെച്ചിട്ടുണ്ട്.കോവിഡ് വ്യാപനം ശക്തമായ ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടി ഊര്‍ജ്ജിതമാക്കി. റോമില്‍ കുടുങ്ങിയ 15 മലയാളികള്‍ ഉള്‍പ്പെടെ നാട്ടിലേക്ക് തിരിച്ചു. ഇവര്‍ ഇന്ന് തിരിച്ചെത്തും. മിലാനിലേക്ക് എയര്‍ ഇന്ത്യ പ്രത്യേക വിമാനം അയച്ചിട്ടുണ്ട്. മിലാനില്‍നിന്നുള്ള ആദ്യ സംഘം ഞായറാഴ്ച കാലത്ത് ഡല്‍ഹി വിമാനത്താവളത്തിലെത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചാവ്്‌ലയിലെ ഐ.ടി.ബി.പി ആസ്ഥാനത്തുള്ള ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കാണ് ഇവരെ മാറ്റുക. 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷമേ പുറത്തുവിടൂ. ഇറാനില്‍നിന്ന് രണ്ടാമത്തെ സംഘത്തെ ഇന്നലെ തിരിച്ചെത്തിച്ചിരുന്നു. മുംബൈയില്‍ ക്വാറന്റൈനിലാണ് ഈ സംഘം.  കഴിഞ്ഞ ദിവസം 81കാരന്‍ മരിച്ചത് കോവിഡ് ബാധയെതുടര്‍ന്നാണെന്ന് സ്ഥിരീകരിച്ച കര്‍ണാടകയും കനത്ത ജാഗ്രതയിലാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുകയും പൊതുപരിപാടികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ജീവനക്കാരോട് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ ബംഗളൂരുവിലെ മിക്ക ഐ.ടി കമ്പനികളും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരിച്ച മുഹമ്മദ് ഹുസൈന്‍ സിദ്ദീഖിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ട്രാക്ക് ചെയ്യാനുള്ള ശ്രമം പുരോഗമിച്ചു വരികയാണെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.ഇതിനിടെ കോട്ടയത്ത് കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലിരുന്നയാളുടെ പിതാവ് മരിച്ചത് കോവിഡ് മൂലമാണെന്ന  പ്രചാരണം നടത്തിയത് ആശങ്ക സൃഷ്ടിച്ചു. കുഴഞ്ഞുവീണതിനെതുടര്‍ന്ന് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചയാളാണ് മരിച്ചത്.  അണുബാധയെതുടര്‍ന്നാണ് മരണമെന്നും ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം കോവിഡ് 19 വ്യാപകമായ പശ്ചാത്തലത്തില്‍ പരേതന്റെ രക്തസാമ്പളും ആന്തരീകാവയവ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലം ലഭിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്ത് രണ്ടാംഘട്ടത്തി ല്‍ ആദ്യം രോഗം സ്ഥിരീകരിച്ച ര ണ്ട് റാന്നി സ്വദേശികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. 93ഉം 85ഉം വയസ്സുള്ള വൃദ്ധ ദമ്പതികളാണ് മെച്ചപ്പെട്ടു വരുന്നത്. ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശിയുടെ അച്ഛനമ്മമാരാണിത്.   സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 5468 പേരാണ്. ഇതില്‍ 277 പേര്‍ ആശുപത്രിയിലും 5,191 പേര്‍ വീട്ടിലുമാണുള്ളത്.