പ്രളയ ഫണ്ട് തട്ടിപ്പില്‍ മന്ത്രിക്ക് പരാതി: സി.പി.എമ്മിലെ ഉന്നതര്‍ക്ക് പങ്ക്

13

പ്രതികളെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന് സി.പി.എം

സിപിഎം പ്രാദേശിക നേതാക്കളും ഭരണപക്ഷ അനുകൂല സര്‍വീസ് സംഘടനയിലെ ജീവനക്കാരും പ്രതികളായ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍  സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ക്കും പങ്കുണ്ടെന്ന് സൂചന. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയ കേസില്‍ സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കളമശേരി സ്വദേശി സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് പരാതി നല്‍കി.  സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ നടന്ന വന്‍ ഗൂഢാലോചനയാണ് തട്ടിപ്പിന് പിന്നിലെന്നാണ് പരാതിക്കാരന്റെ ആരോപണം.
അയ്യനാട് സഹകരണ ബാങ്കില്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേസിലെ മുഖ്യ പ്രതിയുമായ അന്‍വറിന്റെ അക്കൗണ്ടിലേക്ക് 5.54 ലക്ഷം രൂപ വന്നതില്‍ ബാങ്ക് സെക്രട്ടറി സംശയം പ്രകടിപ്പിച്ച് പണം വിട്ടുകൊടുക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പണം അന്‍വറിന് നല്‍കാന്‍ ഏരിയ സെക്രട്ടറിയായ സക്കീര്‍ ഹുസൈന്‍ ബാങ്ക് സെക്രട്ടറിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം വിവാദമാകുമെന്ന് തോന്നിയ ഘട്ടത്തില്‍ പണം തിരിച്ചടച്ച് പ്രശ്‌നം ഒതുക്കാന്‍ സക്കീര്‍ ഹുസൈന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. ഇദ്ദേഹത്തിന് പുറമെ ബാങ്ക് പ്രസിഡന്റും സിപിഎം പ്രാദേശിക നേതാവുമായ കെ.ആര്‍ ജയചന്ദ്രന്റെയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെയും പങ്കിനെക്കുറിച്ച് വിപുലമായ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഗുണ്ടാ കേസിലടക്കം പ്രതിയായ സക്കീര്‍ ഹുസൈനെതിരെ നേരത്തെയും സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുയര്‍ന്നിരുന്നു. പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ഏഴുപേരെയാണ് ഇതുവരെ പ്രതിചേര്‍ത്തിരിക്കുന്നത്. കലക്ടറേറ്റ് സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദ്, മഹേഷ്, സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം എം.എം അന്‍വര്‍, അന്‍വറിന്റെ ഭാര്യ അയ്യനാട് ബാങ്ക് ഡയറക്ടര്‍ കൗലത്ത്, മഹേഷിന്റെ ഭാര്യ നീതു, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എന്‍.എന്‍ നിഥിന്‍, നിഥിന്റെ ഭാര്യ ഷിന്റു എന്നിവരാണ് ഒന്നുമുതല്‍ ഏഴുവരെയുള്ള പ്രതികള്‍. അന്‍വറിന്റെയും ഭാര്യയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് 10.54 ലക്ഷം രൂപയാണ് പലതവണയായി എത്തിയത്.ഇത് ബാങ്ക് സെക്രട്ടറിയെ സമ്മര്‍ദ്ദം ചെലുത്തി പിന്‍വലിക്കുകയായിരുന്നു. അന്‍വറും കൗലത്തും ഒളിവിലാണ്. ഇവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മറ്റൊരു പ്രതിയായ മഹേഷിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 49,000 രൂപയാണെത്തിയത്. നിഥിന്റെ ഭാര്യ ഷിന്റുവിന്റെ ദേനാ ബാങ്ക് അക്കൗണ്ടിലേക്ക് 2,50,000 രൂപയും മാറ്റിയിരുന്നു.  അതേസമയം പ്രളയ ഫണ്ടുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പുകള്‍ നടന്നതായി പരാതിക്കാരന്‍ ആരോപിച്ചു.  വിതരണം ചെയ്യാന്‍ അനുവദിച്ച എട്ട് കോടി രൂപയില്‍ ആറ് കോടി രൂപ മാത്രമാണ് ജനങ്ങളിലേക്ക് എത്തിയത്. രണ്ട് കോടിയുടെ വ്യത്യാസം കാണുന്നുണ്ടെന്നും പ്രളയത്തിന്റെ പ്രഥമിക ഘട്ടത്തിലെ കിറ്റ് വിതരണത്തിലും തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു.