അടച്ചിട്ട് കേരളവും

സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് വിജനമായ ഡല്‍ഹിയിലെ കമല മാളും പരിസരവും

28 പേര്‍ക്കുകൂടി കോവിഡ്; കാസര്‍ക്കോട്ട് 19 കേസ്‌

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കേരളം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.  ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 കേസുകള്‍ സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിലും ഇനിയുള്ള ദിവസങ്ങള്‍ സാമൂഹ്യവ്യാപനം തടയുന്നതില്‍ നിര്‍ണായകമാണെന്ന വിലയിരുത്തകളുടെ അടിസ്ഥാത്തിലുമാണ് നടപടി. കാസര്‍കോട് ജില്ല പൂര്‍ണമായും അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തന്നെ തീരുമാനിച്ചിരുന്നു. ഇതിനു പുറമെ കണ്ണൂര്‍, പത്തനം തിട്ട ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ഇന്നലെ രാവിലെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് സമ്പൂര്‍ണ അടച്ചിടലിലേക്ക് സംസ്ഥാനം എത്തിയത്. ഇതോടെ സംസ്ഥാനത്തിന്റെ എല്ലാ അതിര്‍ത്തികളും അടക്കും. അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനുള്ള ചരക്കു നീക്കങ്ങള്‍ക്ക് മാത്രമയിരിക്കും ഇതില്‍ ഇളവ്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുമെങ്കിലും കര്‍ശന നിബന്ധനകള്‍ പാലിക്കണം. മെഡിക്കല്‍ ഷോപ്പുകളും തുറക്കും.
സംസ്ഥാനത്ത് 28 പേര്‍ക്കാണ് ഇന്നലെ മാത്രം കോവിഡ് 19 സ്ഥിരീകരിച്ചത്. കാസര്‍ക്കോട് ജില്ലയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നത്. ഇന്നലെ മാത്രം19 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. തൊട്ടടുത്ത ജില്ലയായ കണ്ണൂരില്‍ ഇന്നലേയും അഞ്ചുപേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് പുതുതായി കോവിഡ്19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 95ലെത്തി. ഇതില്‍ നാലുപേര്‍ രോഗമുക്തി നേടി ആസ്പത്രി വിട്ടിട്ടുണ്ട്. ശേഷിച്ച 91പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 28ല്‍ 25 പേരും ദുബൈയില്‍ നിന്ന് എത്തിയവരാണ്. മൂന്നുപേര്‍ക്ക് മാത്രമാണ് വൈറസ് ബാധിതരുമായുള്ള സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്.
ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമ്പോള്‍ സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടേയും മരുന്നിന്റേയും ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും സര്‍വീസ് പൂര്‍ണമായി നിര്‍ത്തിവെക്കും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുമതിയുണ്ടെങ്കിലും മാര്‍ക്കറ്റുകളിലും കടകളിലും കൂട്ടത്തോടെ ആളുകള്‍ എത്തുന്നത് തടയും. പെട്രോള്‍ പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. എല്‍.പി.ജി വിതരണം തടസ്സമില്ലാതെ തുടരും. ആസ്പത്രികള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കി തുറന്നു പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്നചടങ്ങുകള്‍ ഒഴിവാക്കണം. റസ്റ്റാറന്റിലിരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല, ഹോംഡെലിവറി അനുവദിക്കും. ജനങ്ങള്‍ വന്‍തോതില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അടിയന്തര ഘട്ടങ്ങളില്‍ അവശ്യ വസ്തുക്കളും മറ്റും ശേഖരിക്കുന്നതിനായി പുറത്തിറങ്ങുമ്പോള്‍ ശാരീരിക അകലം ഉള്‍പ്പെടെ പാലിക്കണന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനു പുറമെ ഓരോ ജില്ലകളും അതിര്‍ത്തിയില്‍ നിയന്ത്രണം കര്‍ശനമാക്കും. കണ്ണൂര്‍ – കാസര്‍ക്കോട് അതിര്‍ത്തി പൂര്‍ണമായി അടച്ചിട്ടുണ്ട്. ഇവിടെ വ്യാപാരസ്ഥാപനങ്ങള്‍ തുറക്കില്ല. വ്യാപാരിവ്യവസായികളുമായി ചര്‍ച്ച ചെയ്തശേഷം അവശ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ ബാറുകളും  അടച്ചിടും. അതേസമയം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് കര്‍ശന വ്യവസ്ഥകളോടെ തുറന്നു  പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.  കടകള്‍ പൂര്‍ണമായും അടച്ചിടില്ല. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. കോവിഡ് ബാധിതമായ മറ്റു ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരും. യാതൊരു വിധത്തിലുള്ള ഇളവുകളും അനുവദിക്കില്ല. പൂര്‍ണമായും ജില്ലകള്‍ അടച്ചിടണമെന്ന് സര്‍ക്കാരിനോട് നേരത്തെ തെന്നെ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടച്ചിടലിനുപകരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രം നിര്‍ദേശം കടുപ്പിച്ചതോടും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് സാമൂഹ്യവ്യാപന ആശങ്ക ശക്തിപ്പെട്ടതും കണക്കിലെടുത്താണ് സമ്പൂര്‍ണ അടച്ചിടലിന് ഇന്നലെ വൈകീട്ടോടെ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതിനിടെ ജനുവരി 31 മുതല്‍ മാര്‍ച്ച് 23 ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ള കണക്കനുസരിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ 3586 പേരെ സ്‌ക്രീനിങ്ങിന് വിധേയരാക്കുകയും 42 പേരെ വിദഗ്ധ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. ഇന്ന് 56 പേരെ സ്‌ക്രീന്‍ ചെയ്തു. 5 പേരെ വിദഗ്ദ്ധ പരിശോധനയ്ക്കായി റഫര്‍ ചെയ്തു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ബിപിസിഎല്‍ കൊച്ചി റിഫൈനറിയില്‍ ഈ മാസം 31 വരെ അവശ്യ ജോലികള്‍ മാത്രം നിര്‍വഹിക്കാനും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും കലക്ടറുടെ നിര്‍ദേശമുണ്ട്. തൊഴിലാളികളെ പനി പരിശോധനയ്ക്കുള്ള തെര്‍മല്‍ സ്‌കാനിങ് നടത്തി രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം റിഫൈനറിയ്ക്കുള്ളില്‍ പ്രവേശിപ്പിക്കാനാണു നിര്‍ദേശം. രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്തിയാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. മാസ്‌കുകള്‍ ലഭ്യമാക്കണം. കൂട്ടത്തോടെ ജീവനക്കാര്‍ എത്തുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി ക്രമീകരിക്കാനും നിര്‍ദേശമുണ്ട്.