ഹിജ്‌റ 18-ാം വര്‍ഷം. ഉമര്‍ ബ്‌നു ഖത്വാബി(റ)ന്റെ ഖിലാഫത്ത് കാലം. ഖലീഫ ഉമറും (റ) അനുയായികളും സിറിയയിലേക്ക് (അന്നത്തെ ശാം ദേശം) യാത്ര തിരിക്കുകയുണ്ടായി. വഴിക്കു വെച്ച് അബൂ ഉബൈദത്തു ബ്‌നുല്‍ ജറാഹി(റ)നെയും സംഘത്തെയും കണ്ടു മുട്ടി. സിറിയയില്‍ നിയമിക്കപ്പെട്ടയാളായിരുന്നു അദ്ദേഹം. സിറിയയില്‍ മഹാ വ്യാധി പടരുകയാണെന്ന കാര്യം അറിയിച്ചപ്പോള്‍ ഉമര്‍ (റ) കൂടെ വന്ന മുഹാജിറുകളും അനുസ്വാരികളുമായ സ്വഹാബികളോട് കൂടിയാലോചന നടത്തി. അങ്ങനെ, സിറിയയിലേക്ക് കടക്കാതെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പോള്‍ അബൂ ഉബൈദ (റ) ഉമറി(റ)നോട് ചോദിച്ചു: നിങ്ങള്‍ അല്ലാഹുവിന്റെ വിധിയില്‍ നിന്ന് പിന്തിരിഞ്ഞോടുകയാണോ? ഉമര്‍ (റ) പറഞ്ഞു: അതേ, ഞങ്ങള്‍ അല്ലാഹുവിന്റെ വിധിയില്‍ നിന്ന് അല്ലാഹുവിന്റെ തന്നെ മറ്റൊരു വിധിയിലേക്ക് കടക്കുകയാണ്. ”ഒരു സ്ഥലത്ത് പകര്‍ച്ചാവ്യാധിയുണ്ടെന്നറിഞ്ഞാല്‍ അവിടത്തേക്ക് കടക്കരുത്. നിങ്ങളുള്ള സ്ഥലത്ത് വ്യാധിയുള്ളതെങ്കില്‍ അവിടെ നിന്ന് പുറത്തു പോവകയുമരുത്” എന്ന് നബി (സ്വ) പറയുന്നത് കേട്ടതായി അബ്ദുല്‍ റഹ്മാന്‍ ബ്‌നു ഔഫ് (റ) സാക്ഷ്യപ്പെടുത്തുകയുമുണ്ടായി (ഹദീസ് ബുഖാരി, മുസ്‌ലിം). ഇതാണ് ജാഗ്രത. ഇന്ന് കോവിഡ് 19 കാലത്ത് ഭരണകൂടങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്വാറന്റീന്‍ നയം (പകര്‍ച്ചാ വ്യാധി തടയാനായി രോഗബാധിതര്‍ക്ക് ഏര്‍പ്പെടുത്തുന്ന ഗമനാഗമന വിലക്ക്) രണ്ടാം ഖലീഫ ഉമര്‍ (റ) ഖിലാഫത്ത് കാലഘട്ടത്തില്‍ തന്നെ പ്രാബല്യത്തില്‍ വരുത്തിയതാണ്. പകര്‍ച്ചാ രോഗങ്ങളെ പറ്റിയുള്ള നബി(സ്വ)യുള്ള ആരോഗ്യ നിര്‍ദേശങ്ങളാണ് അതിന് പ്രചോദനമായത്. പ്രതിസന്ധികളെ നേരിടാന്‍ വേണ്ടത് ജാഗ്രതയും കരുതലുമാണ്. ജാഗ്രതയും പ്രതിരോധവുമില്ലാതെ എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് വിധികള്‍ പുല്‍കാനുള്ള മന:സന്നദ്ധത യുക്തമല്ല. വിവേകത്തോടെ കരുതല്‍ നടപടികള്‍ ചെയ്യണം. കൂടെ പ്രാര്‍ത്ഥനയും വേണം. ഒട്ടകത്തെ കയറൂരി വിട്ട് അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിക്കണോ? കെട്ടിയിട്ട ശേഷം അല്ലാഹുവില്‍ ഭരമേല്‍പ്പിക്കണോ എന്ന് ചോദിച്ചയാളോട് ”ഒട്ടകത്തെ കെട്ടിയിട്ട ശേഷം അല്ലാഹുവില്‍ തവക്കുല്‍ ചെയ്യണ”മെന്നാണ് നബി (സ്വ) മറുപടി പറഞ്ഞത് (ഹദീസ് തുര്‍മുദി 2517).
കൊറോണ വൈറസ് 19 വെല്ലുവിളി നേരിടാന്‍ മുന്‍കരുതലുകളോടെ ജാഗരൂകമായ പ്രതിരോധോപായങ്ങളാണ് യുഎഇ ഭരണകൂടം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്ത് എത്തുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ മികവുറ്റ ആരോഗ്യ പരിശോധനാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ ആവശ്യമുള്ള യാത്രക്കാര്‍ക്ക് കവചിത രീതിയിലുള്ള സൗകര്യങ്ങളുമുണ്ട്. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളിലെത്തിച്ച് മികച്ച പരിചരണവും ചികിത്സയും നല്‍കുന്നതാണ്.
ഈ പ്രതിരോധ നടപടികളുമായി ഏവരും സഹകരിക്കണം. ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദേശങ്ങളും അറിയിപ്പുകളും ചെവിക്കൊണ്ട് ആരോഗ്യ ജാഗ്രതാ പക്രിയകളില്‍ ഓരോര്‍ത്തരും പങ്ക് ചേരണം. കുടുംബത്തിലും സമൂഹത്തിലും ഇടപെടുമ്പോള്‍ ആരോഗ്യ ജാഗരണം പാലിക്കുകയും വേണം.