കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

കരുനാഗപ്പള്ളി: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച നാടോടി സ്ത്രീ പിടിയില്‍. ഇന്നലെ രാവിലെ പത്ത് മണിയോടെ കരുനാഗപ്പള്ളി തുറയില്‍ കുന്ന് സ്‌കൂളിന് മുന്നിലാണ് സംഭവം. നാട്ടുകാര്‍ തടഞ്ഞുവച്ച സ്ത്രീയെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.  തുറയില്‍കുന്ന് എസ്.എന്‍.യു.പി സ്‌കൂളില്‍ പഠിക്കുന്ന നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയോടാണ് നാടോടി സ്ത്രീ കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടത്. പേടിച്ചരണ്ട കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.  ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രദേശത്ത് കറങ്ങി നടക്കുന്ന മാനസിക വിഭ്രാന്തിയുള്ള സ്ത്രീയാണ് ഇവരെന്നാണ് സൂചന. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ജ്യോതി എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞ പേര്. ഇവരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി.