ശസ്ത്രക്രിയയില്ല, മരുന്നും; വൃക്കരോഗികള്‍ക്കും കരുണയില്ല

കാരുണ്യ പദ്ധതിയിലെ ആനുകൂല്യങ്ങളും അകലുന്നു. വൃക്കരോഗികള്‍ക്ക് മുന്നിലും മുഖം തിരിച്ച് ഭരണ സംവിധാനങ്ങള്‍. ആശ്രയം സന്നദ്ധ സംഘടനകളുടെ കരങ്ങള്‍.
വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയക്കും അനുബന്ധമായ പരിശോധനക്കും തുടര്‍ചികിത്സക്കും സൗകര്യങ്ങളില്ലാതെ ദുരിതജീവിതം നയിക്കുന്നത് ആയിരത്തിലധികം വൃക്കരോഗികള്‍. വൃക്കമാറ്റിവെക്കാന്‍ ആവശ്യമായ സജ്ജീകരണമുള്‍പ്പെടെ ഇല്ലാതാകുന്ന അവസ്ഥയില്‍ കോഴിക്കോട്, മംഗളുരു എന്നിവിടങ്ങളിലെ ആസ്പത്രികളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്.  മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ വൃക്കകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നിരിക്കെ നിശ്ചിത സമയത്തിനുള്ളില്‍ എടുക്കാനാകാത്ത സാഹചര്യമാണിപ്പോഴും.
കിഡ്‌നി
ട്രാന്‍സ്പ്ലാന്റേഷന്‍
സെന്റര്‍ എവിടെ
വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ കിഡ്‌നി ട്രാന്‍സ് പ്ലാന്റേഷന്‍ സെന്ററിന് തറക്കല്ലിട്ടിരുന്നെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ജില്ലയിലെ ഭൂരിഭാഗം താലൂക്ക് ആസ്പത്രികളിലും ഡയാലിസിസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒരിടത്തും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഡയാലിസിസ് ചെയ്യുന്ന സമയം രോഗിയുടെ ഭാരം, വെള്ളത്തിന്റെ അളവ് എന്നിവ ഈ മേഖലയിലെ വിദഗ്ധര്‍ക്കേ കണ്ടെത്താനാകൂ. നെഫ്രോളജിസ്റ്റിനെ നിയമിക്കാത്തത് കാരണം പാവപ്പെട്ട രോഗികള്‍ക്ക് ഇത്തരം പരിശോധനകള്‍ക്ക് സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കണ്ണൂരില്‍ വൃക്കമാറ്റിവെക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ഉന്നതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് രോഗികളുടെ സംഘടന പറയുന്നു. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ ആസ്പത്രികളില്‍ ഒരു ലക്ഷം രൂപയാണ് ഈടാക്കുന്നതെങ്കില്‍ സ്വകാര്യ ആസ്പത്രികളില്‍ മൂന്ന് ലക്ഷം വരെയാണ് ഈടാക്കുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന് കീഴില്‍ ആറ്റടപ്പയില്‍ ഡയാലിസിസ് സെന്റര്‍ നിലവില്‍ ഉണ്ടങ്കിലും ഉദ്ഘാടന ശേഷം തുറന്നു പ്രവര്‍ത്തിക്കാതായിട്ട് ഒരു വര്‍ഷമായി. ഈ പ്രദേശത്ത് മാത്രം 25 ലധികം രോഗികളുണ്ട്.
കടുത്ത സാമ്പത്തിക പ്രയാസം കാരണം  ഡയാലിസിസ് തുടരാന്‍ സാധിക്കാതെ ദുരിതമനുഭവിക്കുന്ന ആയിരത്തിലധികം രോഗികള്‍ ജില്ലയിലുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍ ഭരണസമിതിയുടെ കെടുകാര്യസ്ഥത കാരണം സര്‍ക്കാരിന് കീഴിലെ സ്ഥാപനം പൂട്ടിക്കിടക്കുന്നത്. സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കണമെന്ന്  ആവശ്യപ്പെട്ട് പ്രതീക്ഷാ ഓര്‍ഗന്‍ (കിഡ്‌നി) റെസിപ്യന്റ്‌സ് ഫാമിലി അസോസിയേഷന്‍ കലക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ആറ്റടപ്പയിലെ ഡയാലിസിസ് സെന്ററിനെ തണല്‍ ട്രസ്റ്റ് ഏറ്റെടുക്കുകയാണെന്നും കഴിഞ്ഞ മാസം ആദ്യത്തോടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പ് നല്‍കിയിരുന്നു. ഡയാലിസിസ് കേന്ദ്രം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് രോഗികളുടെ പ്രതീക്ഷ.  
കരുണയകന്ന്
കാരുണ്യ പദ്ധതി
കാരുണ്യ പദ്ധതി തുടരുമെന്നും സേവനങ്ങള്‍ രോഗികള്‍ക്ക് ലഭിക്കുമെന്നുമാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനം വെറും വാക്ക് മാത്രമായി.
മാര്‍ച്ചിന് ശേഷം ‘കാരുണ്യ’യില്‍ നിന്ന്് മരുന്നുകള്‍ ലഭ്യമാകില്ലെന്നാണ് കഴിഞ്ഞ ദിവസം മരുന്ന് വാങ്ങിയ രോഗികളോട് ജീവനക്കാര്‍ അറിയിച്ചത്. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്നും ശേഷിക്കുന്ന ഫണ്ട് തിരിച്ചയക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കാരുണ്യ ഫാര്‍മസികള്‍ക്ക് ലഭിച്ചെന്നുമാണ് വിവരം.
ഡയാലിസിസ് രോഗികള്‍ക്ക് ആവശ്യമായ ഇഞ്ചക്ഷനുകളും മരുന്നും ഏറെക്കാലമായി കാരുണ്യ മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭിക്കാറില്ല. വന്‍തുക നല്‍കി സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് രോഗികള്‍. സമാശ്വാസം പദ്ധതിയിലൂടെ വൃക്ക രോഗികള്‍ക്ക് പ്രതിമാസം ലഭിച്ചിരുന്ന 1200 രൂപ എട്ട് മാസമായി മുടങ്ങിയിരിക്കുകയാണ്. വൃക്ക മാറ്റിവെച്ചവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് സ്ഥിരമായും 1200 രൂപ നല്‍കുന്നതാണ് പദ്ധതി. മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചതല്ലാതെ കൃത്യമായി തുക കിട്ടുന്നില്ലെന്നാണ് രോഗികളുടെ ആക്ഷേപം.  സ്വന്തമായി കാര്‍ ഉപയോഗിക്കുന്നവരെയും നിശ്ചിത ചതുരശ്ര അളവില്‍ കൂടുതല്‍ വീട് ഉള്ളവരെയും റേഷന്‍ കാര്‍ഡില്‍ ബിപിഎല്‍ പട്ടികയില്‍ നിന്ന് പുറത്താക്കുന്ന നടപടിയും വൃക്കരോഗികളോട് സ്വീകരിക്കുകയാണ്. ചികിത്സാ സൗകര്യത്തിന് സ്വന്തമായി കാര്‍ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം രോഗികളും. ഇവ ചൂണ്ടിക്കാട്ടിയാണ് രോഗികളില്‍ പലരെയും ബിപിഎല്‍ പട്ടികയില്‍ നിന്ന് പുറത്താക്കിയതെന്നും പറയുന്നു. ചികിത്സാ ചെലവ് താങ്ങാനാകാത്ത അവസ്ഥയില്‍ ഇത്തരം നടപടികളില്‍ നിന്ന് അധികാരികള്‍ പിന്‍മാറണമെന്നാണ് രോഗികളുടെ ആവശ്യം.