ഭയത്തിന്റെ മൂടുപടം നീങ്ങിയ ഇന്ത്യയില്‍ ഫാഷിസത്തിന്റെ പതനം ആസന്നം: കെ.എം ഷാജി

21
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ഷാഹീന്‍ ബാഗ് സ്‌ക്വയറില്‍ മുപ്പത്തിഏഴാം ദിനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. മുജീബ് കാടേരി, ആഷിഖ് ചെലവൂര്‍, എ.കെ മുഹമ്മദലി, നജീബ് കാന്തപുരം, ഹനീഫ പെരിഞ്ചീരി, ഹാരിസ് ആമിയന്‍, പി.കെ ഫിറോസ് സമീപം

മുസ്‌ലിം യൂത്ത്‌ലീഗ് ഷാഹിന്‍ബാഗ് 37 ദിനം പിന്നിട്ടു

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ഷാഹീന്‍ ബാഗ് സ്‌ക്വയര്‍ അനിശ്ചിതകാല സമരം മുപ്പത്തിഏഴ് ദിവസം പൂര്‍ത്തിയായി. നോട്ടുനിരോധനവും ജി.എസ്.ടി കൊള്ളയും കശ്മീരിലെ പൗരാവകാശ ലംഘനവും ഇന്റര്‍നെറ്റുകള്‍ വിഛേദിച്ചപ്പോഴും ആള്‍കൂട്ടകൊലകളുമെല്ലാം പേടിയോടെ സഹിച്ചവര്‍ ഒടുവില്‍ ഭയത്തിന്റെ മൂടുപടം വിട്ടിറങ്ങിയിരിക്കുന്നുവെന്നും സംഘപരിവാര്‍ ഫാഷിസത്തിിന്റെ പതനം അനിവാര്യമാണെന്നും 37-ാം ദിനം ഉദ്ഘാടനം ചെയ്ത് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. ആറു വര്‍ഷം സംഘപരിവാരം നടത്തിയ ഹീനകൃത്യങ്ങള്‍ പലരും മൗനമായി നോക്കി നിന്നു.
ഇപ്പോള്‍ എല്ലാ സംശയവും ആശങ്കയും വഴിമാറി സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി രാജ്യമാകെ ഉണര്‍ന്ന് എണീറ്റിരിക്കുന്നു. ഇതിനെ ഇല്ലാതാക്കാന്‍ അക്രമവും ഭീഷണിയും വംശഹത്യ നീക്കവും കൊണ്ട് സാധ്യമല്ല. മോദിയും അമിത്ഷായും പിണറായിയുമെല്ലാം അധികാരത്തിലിരുന്ന് ഇഞ്ചിഞ്ചായി മനുഷ്യനെ കൊല്ലുന്ന സൈക്കോ ക്രിമിനലുകലുകളാണ്.
ഇന്റര്‍നെറ്റും ലെിവിഷനും ഇല്ലാത്ത കാലത്ത് കാല്‍നടയായി നടന്നാണ് ഗാന്ധിജി ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിത്തന്നത്. രണ്ടു ചാനലുകളുടെ ഫീസ് ഊരിയാല്‍ ഈ പ്രക്ഷോഭത്തെ ഇല്ലാതാക്കാമെന്ന അമിത്ഷായുടെ വിചാരം വിഢിത്തമാണ്. വര്‍ഷങ്ങളായി സൗഹൃദത്തോടെ ഇന്ത്യയെ ചേര്‍ത്തു പിടിച്ച വിദേശ രാജ്യങ്ങളെല്ലാം കൈവിട്ടു. ലോകത്തിനു മുമ്പില്‍ ഗാന്ധിജിയുടെ ഇന്ത്യയെ നാണം കെടുത്തുകയാണ് സംഘപരിവാര്‍ ഭരണകൂടമെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.
കോഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സഹകരണ മേഖലയിലെ തൊഴിലാളികളും സഹകാരികളും പ്രവര്‍ത്തകരുമാണ് ഇന്നലെ ശാഹീന്‍ ബാഗ് സ്‌ക്വയറിന് നേതൃത്വം നല്‍കിയത്. സി.ഇ.ഒ മലപ്പും ജില്ല കമ്മറ്റി പ്രസിഡന്റ് ഹാരിസ് ആമിയന്‍ അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി വക്കീലും ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂര്‍, കോഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ.മുഹമ്മദലി, ശുഹൈബ് ഹൈത്തമി, സി.ഇ.ഒ വൈസ് പ്രസിഡന്റ് ഹനീഫ പെരിഞ്ചീരി, സെക്രട്ടറിമാരായ ടി.പി.എം ബഷീര്‍, അന്‍വര്‍ താനാളൂര്‍, ശശികുമാര്‍, എന്‍.അലവി പ്രസംഗിച്ചു. സി.ഇ.ഒ മലപ്പുറം ജില്ല കമ്മറ്റി ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുള്‍ ലത്തീഫ് സ്വാഗതവും ട്രഷറര്‍ പി.പി.മുഹമ്മദലി നന്ദിയും പറഞ്ഞു.