24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 34 പേര്‍ക്ക്; മുള്‍മുനയില്‍ കാസര്‍ക്കോട്‌

49
സമ്പൂര്‍ണ്ണ ലോക് ഡൗണില്‍ ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന എറണാകുളം വാത്തുരുത്തിയിലെ തമിഴ് കോളനിയില്‍ നാവികസേന ആഹാരം വിതരണം ചെയ്യുന്നു

സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത് 39 പേര്‍ക്ക്
ആകെ രോഗികളുടെ എണ്ണം 164 ആയി
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ലക്ഷം കടന്നു
കൊല്ലത്തും ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
എല്ലാ ജില്ലയിലും കോവിഡ് ബാധ, നീറ്റ് പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 39 പേര്‍ക്ക്  കൂടി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 164 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ കാസര്‍ക്കോട് ജില്ലയിലാണ്. കൊല്ലത്തു കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ്19 ബാധയായി. സംസ്ഥാനത്ത് ഒറ്റ ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. കാസര്‍ക്കോടിനു പുറമെ കണ്ണൂര്‍ ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 18നു ദുബായില്‍ നിന്നു നാട്ടിലെത്തിയ കൊല്ലം  പ്രാക്കുളം സ്വദേശിയായ 49കാരനാണു രോഗബാധ. കഴിഞ്ഞ ദിവസമാണ് ജില്ലാ ആസ്പത്രിയിലെത്തിച്ചു സ്രവം ശേഖരിച്ചു പരിശോധനയ്ക്കയച്ചത്. ഇയാളെ ഉടന്‍ പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്കു മാറ്റും. സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 616 പേര്‍ ആസ്പത്രികളിലാണ്. 112 പേരെ ഇന്നുമാത്രം ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 5679 സാംപിളുകള്‍ ഇന്നലെ പരിശോധയ്ക്ക് അയച്ചു. ഇതില്‍ 4448 ഫലങ്ങള്‍ നെഗറ്റീവായി. ഇപ്പോഴത്തെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാതെ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏതു സാഹചര്യത്തെയും നേരിടാന്‍ സംസ്ഥാനം തയാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
രോഗ സാധ്യതയുണ്ടെങ്കില്‍ അപ്പോള്‍ത്തന്നെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച് അവിടെനിന്നാണ് സാംപിളുകള്‍ അയക്കുന്നത്. പുതുതായി കണ്ടെത്തിയ രോഗികള്‍ നിരവധി പേരെ ബന്ധപ്പെട്ടവരാണ്. അതുകൊണ്ടുതന്നെ അവരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇയാള്‍ സഞ്ചരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പൊതുപ്രവര്‍ത്തകനു യോജിച്ച രീതിയിലല്ല അദ്ദേഹം പെരുമാറിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാസര്‍ക്കോടുള്ള ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആസ്പത്രി കാര്യങ്ങള്‍ക്ക് ആശ്രയിച്ചത് കര്‍ണാടകയെയാണ്. മംഗലാപുരം കാസര്‍ക്കോടിന്റെ വടക്കുഭാഗത്തുള്ളവര്‍ക്ക് ഏറ്റവും പെട്ടെന്ന് എത്തിച്ചേരാവുന്ന ഇടമാണ്. ഇപ്പോള്‍ ആര്‍ക്കും അങ്ങോട്ട് പോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കണ്ണൂരില്‍ കാസര്‍കോട് ഉള്ളവരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമില്ല. ഇത് ഒരു അടിയന്തര സാഹചര്യമായി മാറിയിരിക്കുന്നു. രോഗികളെയും കര്‍ണാടക കടത്തിവിടുന്നില്ല. എങ്ങനെ ഇതിനു പരിഹാരം കാണണമെന്ന് ആലോചിക്കുന്നുണ്ട്. കര്‍ണാടകയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാം. കര്‍ണാടകയും കേരളവും അതിര്‍ത്തി പങ്കിടുന്നതിനാല്‍ വിവിധ പ്രദേശങ്ങള്‍ വഴി യാത്ര ചെയ്യാം. റോഡില്‍ മണ്ണിട്ട് കര്‍ണാടക ഗതാഗതം തടയുകയാണ്. ഇതു കേന്ദ്ര നിര്‍ദേശത്തിന് എതിരാണ്. കാസര്‍കോട് ജില്ലയില്‍നിന്ന് രോഗം സ്ഥിരീകരിച്ചു കൂടുതല്‍ റിസല്‍ട്ടുകള്‍ വരുന്നു. ചില അടിയന്തര നടപടികള്‍ അവിടെ സ്വീകരിക്കണം. അവിടത്തെ മെഡിക്കല്‍ കോളജിന്റെ കെട്ടിടം പ്രവര്‍ത്തന ക്ഷമമാക്കാനുള്ള നീക്കം തുടങ്ങും. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കു കുടിവെള്ളമെത്തിക്കാനും മറ്റും റസിഡന്‍സ് അസോസിയേഷനുകള്‍ ശ്രദ്ധിക്കണം. പണയത്തിലുള്ള സ്വര്‍ണലേലമടക്കം എല്ലാ ലേലനടപടികളും നിര്‍ത്തിവയ്ക്കണം,.വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസ് അടയ്ക്കാനുള്ള കാലാവധി  നീട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.