കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്: യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

5

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ നാല് മണിക്കൂര്‍ നീണ്ട മിന്നല്‍ പണിമുടക്കിനിടെ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (64) ആണ് മരിച്ചത്. തിരുവനന്തപുരം ജനറല്‍ ആസ്പത്രിയിലായിരുന്നു മരണം. കിഴക്കേകോട്ടയില്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ കുഴഞ്ഞുവീണത്. ഇദ്ദേഹത്തെ  പൊലീസ് ആംബുലന്‍സില്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഗതാഗതം തടസ്സപ്പെടുത്തി പ്രധാന റോഡുകളിലെല്ലാം കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിര്‍ത്തിയിട്ടതിനാല്‍ ആസ്പത്രിയിലെത്തിക്കാനും താമസമുണ്ടായി. ബുധനാഴ്ച രാവിലെ ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസിനെ ചൊല്ലി സ്വകാര്യ ബസ്-കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. അനധികൃത സര്‍വീസ് നടത്തിയെന്നാരോപിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ സ്വകാര്യ ബസ് തടഞ്ഞു. ബസ് തടഞ്ഞ എ.ടി.ഒയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എ.ടി.ഒയെ കസ്റ്റഡിയില്‍ നിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് നാലുമണിക്കൂറോളം നഗരം നിശ്ചലമാക്കി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. രാവിലെ പതിനൊന്നുമണിയോടെ ആരംഭിച്ച പണിമുടക്ക് വൈകിട്ട് മൂന്നരയോടെയാണ് പിന്‍വലിച്ചത്. എം.ജി റോഡില്‍ ബസുകള്‍ കൂട്ടത്തോടെ നിര്‍ത്തിയിട്ടാണ് ജീവനക്കാര്‍ പണിമുടക്കിയത്. കിഴക്കേകോട്ട മുതല്‍ സെക്രട്ടറിയേറ്റ് വരെ എം.ജി റോഡില്‍ മാത്രം ഏതാണ്ട് അഞ്ഞൂറോളം ബസുകളാണ് നിര്‍ത്തിയിട്ടത്. നിയമസഭയിലുണ്ടായിട്ടും ഗതാഗതമന്ത്രി ഏ.കെ ശശീന്ദ്രന്‍ തുടക്കത്തില്‍ സംഭവത്തില്‍ ഇടപെട്ടില്ല.   കിഴക്കേകോട്ടയില്‍ നിന്നുള്ള സര്‍വീസുകളാണ് ആദ്യം നിര്‍ത്തിവെച്ചത്. തുടര്‍ന്ന് തമ്പാനൂര്‍, നെടുമങ്ങാട് തുടങ്ങി നഗരത്തിന്റെ വിവിധ ഡിപ്പോകളിലെ ജീവനക്കാരും സമരത്തിന് പിന്തുണയുമായെത്തി. ഇതോടെ നഗരത്തിലെ ഗതാഗതം പൂര്‍ണമായും നിശ്ചലമായി. ജനങ്ങളെ ദുരിതത്തിലാക്കി മിന്നല്‍ പണിമുടക്ക് നടത്തിയ ജീവനക്കാരെ പിന്നീട് ഗതാഗത മന്ത്രി  വിമര്‍ശിച്ചു.