കൊറോണ വൈറസ്: പ്രതിരോധമാണ് ചികിത്സയെക്കാള്‍ അഭികാമ്യം

(കൊറോണ രോഗ വിഷാണുവിന്റെ പശ്ചാത്തലത്തില്‍ ജുമുഅ നമസ്‌കാരത്തിനെത്തുന്നവരുടെ സുരക്ഷ പരിഗണിച്ച് ഖുതുബ ഹ്രസ്വമായാണ് തയാറാക്കപ്പെട്ടിട്ടുള്ളത്. അവശ്യ ഘട്ടങ്ങളില്‍ പ്രവാചകര്‍ (സ്വ) ഖുതുബ ചുരുക്കുമായിരുന്നുവത്രെ.)
ദൈവാനുഗ്രഹങ്ങളാണ് ശരീരവും ആരോഗ്യവും ഊര്‍ജവുമെല്ലാം. ശാരീരാരോഗ്യം സംരക്ഷിക്കാന്‍ ഓരോര്‍ത്തരും ബാധ്യസ്ഥരാണ്. ശരീരത്തെ പരിരക്ഷിക്കേണ്ടത് രോഗങ്ങളില്‍ നിന്ന് പ്രതിരോധിച്ചു കൊണ്ടാണ്. ചികിത്സിക്കാന്‍ വൈകരുത്. രോഗം പ്രതിരോധിക്കാന്‍ ഒരു ദിര്‍ഹമിന്റെ പോലും ചെലവില്ല. എന്നാല്‍, പിടിപെട്ട രോഗം ചികിത്സിക്കാന്‍ ലക്ഷങ്ങള്‍ ചെലവാകാം. അതു തന്നെ ശമിച്ചു കൊള്ളണമെന്നുമില്ല. പ്രതിരോധ പക്രിയകളോടൊപ്പം പ്രാര്‍ത്ഥനയുമാവാം. നബി (സ്വ) ശരീര സ്വാസ്ഥ്യം നിലനിര്‍ത്താന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുമായിരുന്നു (ഹദീസ് ബുഖാരി, അദബുല്‍ മുഫ്‌റദ് 701). പ്രാര്‍ത്ഥന വിധിയെ മാറ്റി മറിക്കും. കാരണം, അല്ലാഹുവിലേക്കുയര്‍ത്തിയ കരങ്ങളെ നിരാശരാക്കി മടക്കാന്‍ അവനാവില്ല.
ശുചിത്വ പാലനമാണ് പ്രഥമവും പ്രധാനവുമായ രോഗ പ്രതിരോധ മാര്‍ഗം. അതുകൊണ്ടു തന്നെയാണ് ഇസ്‌ലാം വുദൂഅ് എന്ന അംഗസ്‌നാനം നിയമമാക്കിയിട്ടുള്ളത്. വിശ്വാസികള്‍ക്ക് വൃത്തിയും വെടിപ്പും നിലനില്‍ക്കുന്നതിന്റെ പ്രധാന കാരണവും വുദൂഅ് ആണ്. ഇസ്‌ലാമിലെ പ്രധാന ആരാധനാകര്‍മമായ നമസ്‌കാരത്തിനായി നിര്‍ബന്ധമായും അംഗശുദ്ധി നടത്താന്‍ അല്ലാഹു കല്‍പിക്കുന്നത് ഖുര്‍ആനില്‍ കാണാം: സത്യവിശ്വാസികളേ, നമസ്‌കരിക്കാനുദ്ദേശിച്ചാല്‍ നിങ്ങള്‍ മുഖങ്ങളും മുട്ടു വരെ കൈകളും കഴുകണം. തല തടവുകയും ഞെരിയാണി വരെ ഇരു കാലുകളും കഴുകയും ചെയ്യുക (സൂറത്തുല്‍ മാഇദ 06). മാലിന്യങ്ങളേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള അവയവങ്ങള്‍ കഴുകലാണ് വുദൂഇല്‍ അനിവാര്യമാക്കിയിട്ടുള്ളത്. അതു തന്നെ ഓരോന്നും മൂന്നു പ്രാവശ്യം ചെയ്യുമ്പോഴാണ് ഈ അംഗസ്‌നാനം പൂര്‍ണമാകുന്നത്. വുദൂഇലൂടെ ഹൃദയവും ശരീരവും നിര്‍മലമാക്കിയാണ് നമസ്‌കരിക്കുന്നവന്‍ അല്ലാഹുവിലേക്ക് തിരിയുന്നത്. വീട്ടില്‍ നിന്ന് വുദൂഅ് ചെയ്ത് പള്ളിയിലേക്ക് പോകലാണ് നബി ചര്യ (ഹദീസ് ത്വബ്‌റാനി 2139). അങ്ങനെ ചെയ്യലാണ് പൊതുസ്ഥലങ്ങളിലെ ശുചിത്വ പ്രവര്‍ത്തനങ്ങളെക്കാള്‍ ആരോഗ്യ സംരക്ഷണത്തിന് ഉത്തമം.
പകര്‍ച്ചാ വ്യാധി ബാധിച്ചയാള്‍ മറ്റുള്ളവരുമായി ഇടപഴകരുതെന്നാണ് നബി (സ്വ) നല്‍കുന്ന ആരോഗ്യ നിര്‍ദേശം (ഹദീസ് ബുഖാരി, മുസ്‌ലിം). പൊതുജനാരോഗ്യം പരിഗണിച്ചാണിത്.
പൊതുസ്ഥങ്ങളില്‍ പെട്ടതാണ് പള്ളികള്‍. പനി, ജലദോഷം, ചുമ, തുമ്മല്‍ തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ ജുമുഅക്കും മറ്റു ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കുമായി പള്ളിയിലേക്ക് പോകരുത്. അവര്‍ വീട്ടില്‍ വെച്ചു തന്നെ നമസ്‌കരിക്കണം. അതാണ് പ്രതിരോധം. തുമ്മുന്നവന്‍ വസ്ത്രം കൊണ്ടോ കൈ കൊണ്ടോ മുഖം പൊത്തിപ്പിടിക്കണം. അങ്ങനെയാണ് നബി (സ്വ) ചെയ്തിരുന്നത് ( ഹദീസ് തുര്‍മുദി 2745). ഈ മാര്‍ഗങ്ങള്‍ രോഗപ്പകര്‍ച്ചയെ പ്രതിരോധിക്കുന്നതാണ്.
അധികൃതരില്‍ നിന്നുള്ള ആരോഗ്യ അറിയിപ്പുകല്‍ സദാ അനുസരിക്കണം. അല്ലാത്ത പക്ഷം ജീവന് തന്നെ അപകടം സംഭവിച്ചേക്കാം. ജനിതക വ്യത്യാസങ്ങളോടെയുള്ള പുതിയ തരം കൊറോണ വൈറസ് രോഗം 2019 (കൊവിഡ് 19) ഒട്ടുമിക്ക ലോക രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥിതിക്ക് യുഎഇ ഭരണകൂടം വിഷാണുവിന്റെ വ്യാപനം തടയാന്‍ നിതാന്തമായ ജാഗ്രതാ പ്രവര്‍ത്തനങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ആരോഗ്യ മന്ത്രാലയം മുന്‍കരുതല്‍ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്. അവ ഇപ്രകാരം: ആള്‍ക്കൂട്ട സമ്പര്‍ക്കം ഒഴിവാക്കുക, രോഗ ബാധിതരോട് ഇടപഴകാതിരിക്കുക, വെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ കഴുകുക, തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ വായും മൂക്കും ടവല്‍ കൊണ്ട് പൊത്തണം, കൈ കൊണ്ടും മൂക്കു കൊണ്ടുമുള്ള അഭിവാദ്യം, ആലിംഗനം, ചുംബനം എന്നിവ ഒഴിവാക്കണം. ഈ പ്രതിരോധ നടപടികള്‍ ഓരോര്‍ത്തരുടെയും മതപരവും നിയമപരവുമായ ബാധ്യതയാണ്.