കുവൈത്ത്: 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 9 ഇന്ത്യക്കാര്‍, ആകെ 255

54

മുഷ്താഖ് ടി.നിറമരുതൂര്‍

കുവൈത്ത് സിറ്റി: കര്‍ഫ്യു അല്ലാത്ത സമയത്തും ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിച്ചാല്‍ രാജ്യ വ്യാപകമായി മുഴുവന്‍ സമയ കര്‍ഫ്യൂ ഏര്‍പ്പെടുത്താനോ അല്ലെങ്കില്‍ കര്‍ഫ്യൂ സമയം നിലവിലുള്ള 11 മണിക്കൂര്‍ എന്നത് നീട്ടാനോ സര്‍ക്കാര്‍ മടിക്കില്ലെന്നും കുവൈത്ത് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലേം ട്വിറ്ററില്‍ അറിയിച്ചു. നിലവില്‍ വൈകുന്നേരം അഞ്ച് മുതല്‍ പുലര്‍ച്ചെ നാല് മണി വരെയാണ് കര്‍ഫ്യൂ സമയം. അതേസമയം, പകല്‍ സമയത്ത് അത്യാവശ്യക്കാര്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്ന നിര്‍ദേശത്തിന് വിരുദ്ധമായി ജനങ്ങള്‍ കൂട്ടത്തോടെ ഷോപ്പിംഗിനിറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ ഉണ്ടായതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
കുവൈത്തില്‍ 9 ഇന്ത്യക്കാര്‍ക്കടക്കം 20 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ, കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 255 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് കൊറോണ സ്ഥിരീകരിച്ചവരില്‍ മൂന്ന് ബംഗ്‌ളാദേശി പൗരന്മാരും 10 സ്വദേശികളും ഉള്‍പ്പെടുന്നു. മൂന്ന് പേര്‍ പുതുതായി കൊറോണ മുക്തരായി. ഇതോടെ, രോഗം ഭേദമായവരുടെ എണ്ണം 67 ആയതായി ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍സബാഹ് അറിയിച്ചു. ഇപ്പോള്‍ സ്ഥിരീകരിച്ച കേസുകള്‍ കൂടുതലും നിര്‍മാണ മേഖലയിലെ സ്വകാര്യ കരാര്‍ കമ്പനികളില്‍ പെട്ടവരാണ് എന്നത് ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികളെ ആശങ്കപ്പെടുത്തുന്നുണ്ട്. സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് കാരണം പൂര്‍ണമായ രീതിയിലുള്ള സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതുകൊണ്ടു തന്നെ, കര്‍ഫ്യൂ നീട്ടുകയോ ലോക്ക് ഡൗണോ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
മഹ്ബൂല പ്രദേശത്തെ ഒരു ലേബര്‍ ക്യാമ്പില്‍ 600ഓളം തൊഴിലാളികളെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ക്യാമ്പില്‍ താമസിച്ചിരുന്ന ഒരു ഇന്ത്യന്‍ ടെക്‌നീഷ്യനെ കോവിഡ് 19 പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം കെട്ടിട ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. പ്രമുഖ ഇലക്‌ട്രോ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കമ്പനിയില്‍ നിന്നുള്ള ഇന്ത്യന്‍ തൊഴിലാളികളെ പാര്‍പ്പിക്കുന്ന ക്യാമ്പിലാണ് ഒഡീഷ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ പേരുടെ സ്രവം പരിശോധനക്കയച്ചിട്ടുണ്ട്. സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷ കണക്കിലെടുത്ത് കൊറോണ വൈറസ് പടരുന്നതിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി കെട്ടിടത്തിന്റെ ചുറ്റളവില്‍ രണ്ട് സുരക്ഷാ വാഹനങ്ങള്‍ പട്രോളിംഗ് നടത്താന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട് .
കുവൈത്തിലെ ഉപഭോക്തൃ സഹകരണ സംഘങ്ങളിലെ വില്‍പന നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു താമസക്കാരന് അവരുടെ പ്രദേശത്തെ സഹകരണ സ്‌റ്റോറില്‍ നിന്ന് മാത്രമേ ആവശ്യമായ വസ്തുക്കള്‍ വാങ്ങാന്‍ കഴിയുകയുള്ളൂവെന്ന് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രി ഖാലിദ് അല്‍റൗദാന്‍ പ്രഖ്യാപിച്ചു. നടപടികളുടെ ഭാഗമായി റെസിഡന്‍സിയുടെ സ്ഥലത്തിന്റെ തെളിവായി സിവില്‍ ഐഡി കാണിക്കണം. കൊറോണ വൈറസിന്റെ വ്യാപനം കുറക്കാനുള്ള മുന്‍കരുതല്‍ നടപടിയായി ജനക്കൂട്ടത്തെ തടയുന്നതിനാണ് ഇത്തരമെഗാരു തീരുമാനമെടുത്തതെന്ന് വാണിജ്യ-വ്യവസായ മന്ത്രി പറഞ്ഞു.