മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: ഏപ്രില്‍ 1 മുതല്‍ 30 വരെ പ്രഖ്യാപിച്ച പൊതുമാപ്പ് കുവൈത്തിലെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിയുന്നത്ര താമസ-നിയമ ലംഘകരെ രാജ്യത്ത് നിന്ന് പുറത്താക്കാനുള്ള ലക്ഷ്യത്തോടെയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ഒരു ലക്ഷത്തിലധികം താമസ നിയമ ലംഘകരില്‍ 25,000ത്തോളം ഇന്ത്യക്കാരുണ്ട്. ഗാര്‍ഹിക മേഖലയില്‍ തൊഴില്‍ ചെയ്യാനായുള്ള 20-ാം നമ്പര്‍ വിസയിലെത്തി കാലാവധി കഴിഞ്ഞും പുറത്ത് ജോലി ചെയ്യുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഈ പൊതുമാപ്പില്‍ സ്‌പോണ്‍സര്‍മാര്‍ ഒളിച്ചോട്ട കേസുകള്‍ നല്‍കിയിട്ടുള്ളവര്‍ അടക്കം എല്ലാവര്‍ക്കും ഉപയോഗപ്പെടുത്താനാകും. ക്രിമിനല്‍ ഒഴിച്ച് മറ്റു കേസുകളില്‍ പെട്ടവര്‍ക്ക് കേസ് പെട്ടെന്ന് തീര്‍പ്പാക്കി യാത്രാ വിലക്ക് നീക്കിയാല്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. അതേസമയം, മുമ്പൊക്കെ പൊതുമാപ്പില്‍ ഉണ്ടായിരുന്നത് പോലെ പിഴയടച്ച് വിസ പുതുക്കാനോ, വേറെ സ്‌പേണ്‍സര്‍ഷിപ്പിലേക്ക് മാറ്റി അടിക്കാനോ അവസരം ലഭിക്കുന്നതല്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വീസ് നിര്‍ത്തി വെച്ചത് പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട് എന്നതാണ് വാസ്തവം.