കുവൈത്തില്‍ രോഗ ബാധിതര്‍ 112 ആയി

77
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ശനിയാഴ്ച സെയ്ഫ് പാലസില്‍ ചേര്‍ന്ന പ്രത്യേക കാബിനറ്റ് യോഗത്തില്‍ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അല്‍സബാഹ് അധ്യക്ഷത വഹിക്കുന്നു

ജാഗ്രതയോടെ കുവൈത്ത്; പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രവാസികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ എട്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 112 ആയി. ഇവരിലൊരാള്‍ തമിഴ്‌നാട്ടുകാരനാരനാണ്. രാജ്യത്ത് ഇത് വരെയായി 9 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 103 പേരാണ് ചികില്‍സയിലുള്ളത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമായും ഒരാളുടെ നില അതീവ ഗുരുതരമായും തുടരുകയാണ്.
കോവിഡ് 19ന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളാണ് കുവൈത്ത് നടപ്പാക്കിയിട്ടുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ശക്തമാക്കി ഷോപ്പിംഗ് മാളുകള്‍, അവശ്യ സാധനങ്ങള്‍ അല്ലാത്തവ വില്‍ക്കുന്ന കടകള്‍, പുരുഷ-വനിതാ സലൂണുകള്‍ അടക്കം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്ന സൂപര്‍ മാര്‍ക്കറ്റുകള്‍, ജംഇയ്യകള്‍ തുടങ്ങിയവക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. ഭക്ഷണശാലകളിലും കോഫി ഷോപ്പുകളിലും മറ്റും ഒരേസമയം അഞ്ചില്‍ കൂടുതല്‍ ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പാടില്ലെന്നും വരി നില്‍ക്കേണ്ട സാഹചര്യമുണ്ടായാല്‍ വ്യക്തികള്‍ തമ്മില്‍ ഒരു മീറ്ററില്‍ കുറയാത്ത അകലം പാലിക്കണമെന്നും തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മൃഗശാല, കുട്ടികള്‍ക്കുള്ള വിനോദ കേന്ദ്രങ്ങളും തുടങ്ങിയവയുടെ പ്രവര്‍ത്തനവും അനുവദിക്കുന്നില്ല. നേരത്തെ, രോഗബാധയുള്ള രാജ്യങ്ങളുമായി ഗതാഗത ബന്ധം വിഛേദിച്ചു. അതിന് ശേഷം തിരിച്ചെത്തിയ മുഴുവന്‍ ആളുകളെയും നിര്‍ബന്ധിത വൈദ്യ പരിശോധനക്ക് വിധേയമാക്കി വരുന്നു. പൊതു റോഡ് ഗതാഗതമായ ബസ് സര്‍വീസ് തല്‍ക്കാലികമായി നിര്‍ത്തി വെച്ചു. സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മാര്‍ച്ച് 26 വരെ അവധി പ്രഖ്യാപിച്ചു. പള്ളികളില്‍ ജുമുഅ ഉള്‍പ്പെടെയുള്ള എല്ലാ സമൂഹ നമസ്‌കാരങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയുമാണ്. കോവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ സ്വദേശികളുടെയും പ്രവാസികളുടെയും അര്‍പ്പണ മനോഭാവത്തോടെ ഔദ്യോഗിക വകുപ്പുകളെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലൂടെ സഹായിക്കുന്നത് കുവൈത്ത് സര്‍ക്കാര്‍ മനസ്സിലാക്കുന്നതായി പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അല്‍സബാഹ് പറഞ്ഞു. കൊറോണ പ്രതിരോധ അവലോകനത്തിനായി ശനിയാഴ്ച ശൈഖിന്റെ അധ്യക്ഷതയില്‍ സെയ്ഫ് പാലസില്‍ ചേര്‍ന്ന അസാധാരണ കാബിനറ്റ് യോഗത്തിലാണ് കുവൈത്ത് പ്രധാനമന്ത്രി പ്രസ്താവം പുറപ്പെടുവിച്ചത്.