കുവൈത്തില്‍ 8 ഇന്ത്യക്കാരടക്കം 11 കേസുകള്‍ സ്ഥിരീകരിച്ചു; ആകെ 266, 72 പേര്‍ രോഗമുക്തി നേടി

മുഷ്താഖ് ടി.നിറമരുതൂര്‍
കുവൈത്ത് സിറ്റി: ഏഴ് ഇന്ത്യക്കാരുള്‍പ്പെടെ 11 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മേധാവി ഡോ. അബ്ദുള്ള അല്‍സനദ് അറിയിച്ചു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 266 ആയി. നേരത്തെ അഞ്ചു പേര്‍ കൂടി രോഗമുക്തി നേടിയതോടെ മൊത്തം 72 രോഗികള്‍ കൂടി കുവൈത്തില്‍ തിങ്കളാഴ്ച രോഗമുക്തരായതായി ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍സബാഹ് അറിയിച്ചു. ചികിത്സയിലുള്ള 194 പേരില്‍ 12 പേര്‍ അത്യാഹിത വിഭാഗത്തിലാണ്.
കൊറോണ വ്യാപനത്തിന്റെ പശ്ചാതലത്തില്‍ വിസ പുതുക്കല്‍ നടപടികള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കുറച്ചു ദിവസത്തിനകം ഫാമിലി വിസകളോ ആര്‍ട്ടിക്ള്‍ 22 റെസിഡന്‍സ് പെര്‍മിറ്റുകളോ ഓണ്‍ലൈനില്‍ പുതുക്കാന്‍ കഴിയുമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സിനായി പ്രവര്‍ത്തിക്കുന്ന ഉന്നതോദ്യോഗസ്ഥന്‍ പറഞ്ഞു. പ്രക്രിയകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ഈയാഴ്ച അല്ലെങ്കില്‍ അടുത്താഴ്ച ഏറ്റവും പുതിയ സംവിധാനം ഓണ്‍ലൈനില്‍ എത്തുമെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഏപ്രില്‍ 12ന് കര്‍ഫ്യൂ കാലാവധി അവസാനിച്ച ശേഷം സിവില്‍ ഐഡികളുടെ ശേഖരണം നടത്താമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് തടയാനുള്ള നടപടിയായി മന്ത്രാലയങ്ങള്‍ക്ക് അവധി അനുവദിച്ചതിനാല്‍ സേവനം ലഭ്യമല്ലാത്തതിനാല്‍ പിഴ ഒഴിവാക്കാനുള്ള തീരുമാനം പുറപ്പെടുവിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
അര്‍ഹരായ ആളുകള്‍ക്കായി കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങുന്നതിന് അടുത്തിടെ നല്‍കിയ കാര്‍ഡുകള്‍ സ്വീകരിക്കുന്ന അവസാന ദിവസമാണ് ബുധനാഴ്ചയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പകരം, വ്യവസ്ഥകള്‍ പാലിക്കുന്നവര്‍ക്ക് ഇളവ് അനുവദിക്കാന്‍ മന്ത്രാലയം ഒരു ഡിജിറ്റല്‍ ബാര്‍കോഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
വ്യാഴാഴ്ച വരെ കര്‍ഫ്യൂ സമയത്ത് ഉപയോഗിക്കാന്‍ യോഗ്യരായ ആളുകളുടെ മൊബൈല്‍ ഫോണുകളിലേക്ക് ഒരു ബാര്‍കോഡ് അയക്കുമെന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പുതിയ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.