കുവൈത്തില്‍ 12 പേര്‍ക്ക് കൂടി കൊറോണ; 142 പേര്‍ക്ക് സ്ഥിരീകരിച്ചു

19
കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍സബാ

കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനക്കും ഇറാനും പലസ്തീനും കുവൈത്തിന്റെ കാരുണ്യ ഹസ്തം

കുവൈത്ത് സിറ്റി: ഇന്നലെ 12 പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 142 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ച കുവൈത്ത് പൗരന്മാരില്‍ എട്ട് പേര്‍ ഇംഗ്‌ളണ്ടില്‍ നിന്നു വന്നവരും രണ്ടു പേര്‍ ഇംഗ്‌ളണ്ടില്‍ നിന്നു വന്നവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും ഒരാള്‍ സ്വിറ്റ്‌സര്‍ലാന്റില്‍ നിന്നു വന്നയാളുമാണ്. ഒരാളുടെ യാത്രാ വിവരങ്ങള്‍ അന്വേഷണത്തിലാണ്. 15 പേര്‍ രോഗമുക്തരായെന്നും പ്രായം കൂടിയ നാല്ു പേര്‍ ഇപ്പോഴും അത്യാഹിത വിഭാഗത്തിലുണ്ടെന്നും പ്രതിദിന വാര്‍ത്താ സമ്മേളനത്തിലാണ് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍സബാ സ്ഥിരീകരിച്ചത്.
കോവിഡ് 19നെതിരായ പോരാട്ടത്തില്‍ ലോകാരോഗ്യ സംഘടനക്ക് കുവൈത്ത് 40 ദശലക്ഷം ഡോളര്‍ സംഭാവന നല്‍കി. പകര്‍ച്ചവ്യാധി തടയാനുള്ള പോരാട്ടത്തില്‍ അന്താരാഷ്ട്ര സംഘടനയുടെ ശ്രമങ്ങളെ സഹായിക്കുന്നതിന് അമീര്‍ ശൈഖ് സബാ അല്‍അഹ്മദ് അല്‍ജബീര്‍ അല്‍സബായുടെ നിര്‍ദേശ പ്രകാരമാണ് സംഭാവന പ്രഖ്യാപിച്ചതെന്ന് വിദേശ കാര്യ സഹ മന്ത്രി ഖാലിദ് അല്‍ജാറള്ള വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കൊറോണ വൈറസിനെതിരായ പ്രവര്‍ത്തനത്തില്‍ ഇറാനെ സഹായിക്കാന്‍ 10 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യുന്നതായി കുവൈത്ത് ഇന്നലെ പ്രഖ്യാപിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫും കുവൈത്ത് കിരീടാവകാശി ശൈഖ് അഹ്മദ് നാസര്‍ അല്‍സബായും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കൊറോണ വൈറസിനെതിരായ പ്രവര്‍ത്തനത്തിന് ഫലസ്തീന്‍ സര്‍ക്കാറിന് അഞ്ചര ദശലക്ഷം ഡോളറും കുവൈത്ത് നല്‍കും. കൊറോണ വൈറസ് പ്രതിസന്ധി കാലം കുവൈത്ത് മറികടക്കുമെന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന കമാന്‍ഡര്‍മാരുമായി നടത്തിയ യോഗത്തില്‍ ഡെപ്യൂട്ടി പ്രീമിയറും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹ്മദ് മന്‍സൂര്‍ അല്‍അഹ്മദ് അല്‍ സബാ പറഞ്ഞു. ആദ്യ ദിവസം മുതല്‍ പ്രതിരോധ മന്ത്രാലയം കുവൈത്തിന്റെ അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. വൈറസ് പടരാനുള്ള ശ്രമങ്ങളില്‍ സ്വകാര്യ മേഖലയുടെ സംഭാവനകളെയും സഹകരണത്തെയും ശൈഖ് സബാ അല്‍ഖാലിദ് അഭിനന്ദിച്ചു. സന്നദ്ധ സേവനം നടത്താനും സഹായിക്കാനും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് യുവ കുവൈത്തികളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. വായ്പാ തിരിച്ചടവ് ആറു മാസത്തേക്ക് നീട്ടി വെക്കാന്‍ സര്‍ക്കാര്‍ താല്‍ക്കാലിക അനുമതി നല്‍കാന്‍ യോഗത്തില്‍ പങ്കെടുത്ത എംപിമാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടതായും പ്രതികരണം ക്രിയാത്മകമാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചതായും എംപി അല്‍ ഗാനിം പറഞ്ഞു.