കുവൈത്തില്‍ രോഗബാധിതര്‍ 69 ആയി

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ കൊറോണ ബാധിതരുടെ എണ്ണം 69 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം നാലു പേര്‍ക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രണ്ട് പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയതായും നിലവില്‍ 67 പേര്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് പറഞ്ഞു.
കുവൈത്തില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്ന് ഫെബ്രുവരി 23ന് ശേഷം കുവൈത്തില്‍ എത്തിയ എല്ലാവരും നിരീക്ഷണത്തില്‍ നില്‍ക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ഇന്ത്യയുള്‍പ്പെടെ 21 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. രണ്ടാഴ്ചത്തേക്കാണ് നിരീക്ഷണം. സബ്ഹാന്‍ പ്രദേശത്ത് വിദേശികള്‍ക്കായി നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുക്കിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഏഴ് രാജ്യങ്ങളുമായി വിമാന യാത്ര നിര്‍ത്തി വെച്ച ശേഷം കുവൈത്തില്‍ കൊറോണ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ശരീരോഷ്മാവ് കൃത്യമായി രേഖപ്പെടുത്താന്‍ ശേഷിയുള്ള അഞ്ച് അത്യാധുനിക തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി.
ഇവ ആവശ്യാനുസരണം സ്ഥലം മാറ്റി സ്ഥാപിക്കാനും കഴിയും വിധമാണ് സ്ഥാപിക്കുക. കുവൈത്തില്‍ ഭക്ഷ്യ ക്ഷാമം നേരിടുമെന്ന ഭീതിയില്‍ ആളുകള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതായി ശ്രദ്ധയില്‍ പെട്ടതിനാല്‍, ആറു മാസത്തില്‍ കുറയാത്ത കാലത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ സ്‌റ്റോക്കുണ്ടെന്ന് ഉറപ്പു വരുത്താന്‍ ജംഇയ്യകളുടെ യൂണിയന്‍ മേധാവി മിഷാല്‍ അല്‍ സയര്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ പരിശോധനക്ക് പ്രവാസികളുടെ വന്‍ തിരക്കായതിനാന്‍ സബ്ഹാന്‍ ക്‌ളിനിക്കില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ സംരംഭങ്ങള്‍ക്കായി കുവൈത്തിലെ ബാങ്കുകള്‍ സര്‍ക്കാറിന് 10 മില്യന്‍ ദിനാര്‍ നല്‍കുമെന്ന് അറിയിച്ചതായി സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഹാഷില്‍ പറഞ്ഞു.