കുവൈത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു പൊതു അവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

40
ആഭ്യന്തര മന്ത്രി അനസ് അല്‍ സലേ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ വിവരം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുന്നു

കുവൈത്ത് സിറ്റി: മാര്‍ച്ച് 22 ഞായറാഴ്ച മുതല്‍ കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകുന്നേരം 5 മണി മുതല്‍ രാവിലെ 4 മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ആഭ്യന്തര മന്ത്രി അനസ് അല്‍ സലേ പറഞ്ഞു. വീടിനുള്ളില്‍ തന്നെ തുടരാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിരന്തരമായ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനാലാണ് 11 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം മാര്‍ച്ച് 26 ന് അവസാനിക്കുന്ന സര്‍ക്കാര്‍ പൊതു അവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. മനുഷ്യ ജീവനും ആരോഗ്യത്തിനും ഭീഷണിയാവുന്ന കൊറോണയുടെ വ്യാപനം തടയുന്നതിനായാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കോവിഡ് പ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളോട് ജനം സഹകരികാത്തതിനെ തുടര്‍ന്ന് കര്‍ഫ്യൂ ഉള്‍പ്പെടെ ശക്തമായ നടപടികള്‍ക്ക് മടിക്കില്ലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമും ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹും നേരത്തെ സൂചന നല്‍കിയിരുന്നതായി മിഡില്‍ ഈസ്റ്റ് ചന്ദ്രിക കുവൈത്ത് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ഫ്യൂ സമയത്ത് ആളുകള്‍ സംഘം ചേരുന്നതോ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതോ മൂന്ന് വര്‍ഷം തടവ് ശിക്ഷയും 10,000 ദിനാര്‍ പിഴക്കും കാരണമാകും. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതേ സമയം നേരെത്തെയുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും മന്ത്രി പറഞ്ഞു.