കുവൈത്തില്‍ സ്‌കൂളുകള്‍ക്ക് അവധി വിദേശികളായ അധ്യാപകരെ നാട്ടിലേക്കയക്കും

കുവൈത്ത് സിറ്റി: ആഗസ്ത് മൂന്ന് വരെ കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈജിപ്ത് സ്വദേശികളായ അധ്യാപകരുള്‍പ്പെടെയുള്ള വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാരെ നാട്ടിലേക്കയക്കുന്നു. കൊറോണ വ്യാപനം തടയുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇത് ആരോഗ്യ മേഖലയിലും ഭക്ഷ്യ മേഖലയിലും കുവൈത്തിന് ആശ്വാസം നല്‍കും. ഏകദേശം 8 ലക്ഷം വിദേശിയരാണ് കുവൈത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍ കൂടുതലും ഈജിപ്ത് പൗരന്മാരാണ്.
ഇവരുടെ മടങ്ങിപ്പോക്കിന് മാര്‍ച്ച് 24-30 മുതല്‍ ഈജിപ്ത് എയര്‍ സര്‍വ്വീസ് നടത്തുമെന്ന് ഈജിപ്ഷ്യന്‍ ഇമിഗ്രേഷന്‍ മന്ത്രാലയം അറിയിച്ചു. ഇതിനായി ഈജിപ്റ്റിലെയും കുവൈത്തിലെയും സിവില്‍ ഏവിയേഷനുമായി ഏകോപിപ്പിക്കുന്നതില്‍ ഈജിപ്ത് എയര്‍ വിജയിച്ചതായും മാര്‍ച്ച് 24 മുതല്‍ മാര്‍ച്ച് 30 വരെയുള്ള യാത്രകള്‍ക്കായി ഈജിപ്ഷ്യന്‍ കോണ്‍സുലേറ്റിന്റെ അറിവോടെ റിസര്‍വേഷന്‍ സംവിധാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും മാര്‍ച്ച് 24 മുതല്‍ കുവൈത്തില്‍ നിന്ന് എല്ലാ ദിവസവും ഉച്ചയ്ക്ക് 1.25 ന് ഒരാഴ്ചത്തേക്ക് പ്രതിദിന വിമാനം സര്‍വീസ് നടത്താന്‍ ധാരണയായതാ യും കമ്പനി പ്രതിനിധികള്‍ വിശദീകരിച്ചു. മറ്റു രാജ്യങ്ങളും ഇത്തരത്തില്‍ മുന്നോട്ട് വരണമെന്ന് നേരെത്തെ കുവൈത്ത് സാമൂഹിക കാര്യ മന്ത്രി മറിയം അഖീല്‍ പ്രസ്താവിച്ചിരുന്നു.
വിദേശികളെ ഒഴിപ്പിക്കുന്നതിനുള്ള ആദ്യ നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെ കുവൈത്ത് എയര്‍വെയ്‌സിന്റെ ഒരു വിമാനം ഇന്ത്യയിലേക്കും പുറപ്പെട്ടു. കുവൈത്തില്‍ താമസ നിയമ ലംഘനം അടക്കം വിവിധ കുറ്റങ്ങളില്‍ പിടിക്കപ്പെട്ട് നാടു കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന 170 ഇന്ത്യന്‍ തടവുകാരുമായി കുവൈത്ത് എയര്‍വെയ്‌സ് വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടു. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ എംബസി എന്നീ സര്‍ക്കാര്‍ ഏജന്‍സികളുമായി ഏകോപിച്ചു കൊണ്ടാണു ഇവരുടെ യാത്രാ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
താമസ നിയമ ലംഘനം അടക്കം വിവിധ കുറ്റങ്ങളില്‍ പിടിയിലായി നാടു കടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരെ പുറത്താക്കാനുള്ള തീരുമാനത്തില്‍ നിന്ന് യാതൊരു പിന്മാറ്റവും ഇല്ലെന്നും വിവിധ രാജ്യക്കാരായ 700 ഓളം പേരാണു നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്നതെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.