
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്നലെ എട്ട് പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വക്താവ് ഡോ. അബ്ദുള്ള അല്‍സനദ് പറഞ്ഞു. രാജ്യത്ത് രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 80 ആയതായും മന്ത്രാലയത്തിന്റെ പ്രതിദിന വിശദീകരണത്തില്‍ സനദ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ചവരായി കണ്ടെത്തിയവരില്‍ മൂന്നു പേര് ഇറാനിലേക്ക് പോയ കുവൈത്ത് പൗരന്മാരാണ്. മറ്റ് അഞ്ച് പേര് ഈജിപ്തുകാരാണ്. ഇവര്‍ അസര്‍ബൈജാനില്‍ നിന്ന് ദുബൈ വഴി വന്ന ഈജിപ്ത് പൗരനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. അഞ്ച് കേസുകള്‍ രോഗത്തില്‍ നിന്നും മുക്തരായതായും അദ്ദേഹം വെളിപ്പെടുത്തി. നാല് പേര് ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗ ലക്ഷണങ്ങളുള്ള 918 ആളുകളെ ക്വാറന്റൈന് സെന്ററുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ചരക്ക് വിമാനങ്ങള്‍ ഒഴികെ വെള്ളിയാഴ്ച മുതല്‍ കുവൈത്തിലേക്ക് പുറപ്പെടുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ വാണിജ്യ-യാത്രാ വിമാനങ്ങളും കുവൈത്ത് നിര്‍ത്തിവക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 12 മുതല്‍ മാര്‍ച്ച് 26 വരെ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചതായും മാര്‍ച്ച് 2 ന് പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും അടിയന്തിര സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ തുറന്നിരിക്കുമെന്നും കുവൈത്ത് ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ മാളുകളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളിലേക്കും കഫേകളിലേക്കും പോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 27 മുതല്‍ കുവൈത്തില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയും ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തി. രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ പ്രവാസികളെ അവരുടെ താമസ സ്ഥലത്തിനനുസരിച്ച് പരിശോധന നടത്തുന്നതിന് ആരോഗ്യ മന്ത്രാലയം മിഷ്റഫിലെ അന്താരാഷ്ട്ര ഫെയര്‍ ഗൗണ്ടില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച ഈജിപ്ത്, ലബനാന്, സിറിയ എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയ ജഹ്റ ഗവര്‍ണറേറ്റില്‍ താമസിക്കുന്ന പ്രവാസികളെയാണ് ആദ്യ ദിനം പരിശോധിച്ചത്. മറ്റുള്ള രാജ്യക്കാരുടെ തീയതികള്‍ 151 എന്ന ഹോട്ലൈന് നമ്പറില്‍ അറിയാവുന്നതാണ്.
അതേസമയം, കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ചത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചതിനാല്‍ ആശങ്കയിലായവര്‍ക്ക് ആശ്വാസകരമായ തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. ഈ ദിവസങ്ങളില്‍ കാലാവധി തീരുന്ന ലൈസന്‍സ്, വാഹന രജിസ്ട്രേഷന് എന്നിവയുടെ പിഴകള്‍ ഒഴിവാക്കിയതായി ട്രാഫിക് ഗതാഗത വിഭാഗം അണ്ടര്‍ സെക്രട്ടറി കേണല്‍ ജമാല്‍ സായിഹ് അറിയിച്ചു.
കോഫി ഷോപ്പുകള്‍, മാളുകളില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകള്‍, ജിംനേഷ്യങ്ങള്‍ തുടങ്ങിവയെല്ലാം മാര്‍ച്ച് 12 മുതല്‍ അടച്ചിടണമെന്ന ഉത്തരവിനെ തുടര്‍ന്ന് മാളുകളില്‍ പ്രവര്‍ത്തിക്കുന്നവയെല്ലാം അടഞ്ഞു കിടക്കുകയാണ്. വാരാന്ത്യ ദിനത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടാറുള്ള പ്രമുഖ
മാളുകളിലെല്ലാം വ്യാഴാഴ്ച അഞ്ച് ശതമാനം പോലും സന്ദര്‍ശകര്‍ ഉണ്ടായിരുന്നില്ല.