വായ്പാ തിരിച്ചടവ്: മോറട്ടോറിയം സ്വാഗതാര്‍ഹം -അദീബ് അഹമ്മദ്

ദുബൈ: വായ്പാ തിരിച്ചടവുകള്‍ക്ക് ആറു മാസക്കാലത്തെ മേറാട്ടോറിയം ഉള്‍പ്പെടെ, ഇന്ത്യന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആശ്വാസ നടപടികള്‍ ഏറെ സ്വാഗതാര്‍ഹമെന്ന് ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. ലുലു എക്‌സ്‌ചേഞ്ചിന് പുറമെ, ടേബ്ള്‍സ്, ട്വന്റി 14 ഹോള്‍ഡിംഗ്‌സ് തുടങ്ങിയ മറ്റു കമ്പനികളും ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കീഴിലുള്ളതാണ്. ഈ കമ്പനികള്‍ക്ക് ഇന്ത്യയിലും റീടെയില്‍, ഹോസ്പിറ്റാലിറ്റി നിക്ഷേപങ്ങളുണ്ട്. ”കഴിഞ്ഞ ഏതാനും ദിവസങ്ങളായി സര്‍ക്കാര്‍ നിരവധി സക്രിയ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ലഭിച്ച പിന്തുണ ഏറ്റവും ആവശ്യമുള്ള ജീവവായുവാണ്. നിലവിലെ കരുതല്‍ ശേഖരം ഉപയോഗപ്പെടുത്തി നിലനില്‍ക്കാനാഗ്രഹിക്കുന്ന കമ്പനികള്‍ക്ക് ഈ ലോക്ക് ഡൗണ്‍ കാലത്ത് പ്രത്യേകമായ നടപടികള്‍ ഏറെ ഗുണപ്രദമാണ്. പ്രവര്‍ത്തന മൂലധനത്തിന് പ്രയാസകരമായ സാഹചര്യത്തില്‍ ബിസിനസ് മേഖല ഇന്ത്യയില്‍ ഗുരുതരമായി ബാധിക്കപ്പെട്ട പശ്ാത്തലത്തില്‍ വിശേഷിച്ചും” -അദീബ് അഹമ്മദ് ചുണ്ടിക്കാട്ടി. കടമെടുത്തയാളുടെ നിലവാരം താഴേക്ക് പോവാതെ തന്നെ, ഇഎംഐ പേയ്‌മെന്റുകളിലുള്ള മോറട്ടോറിയം ഹ്രസ്വ-ദീര്‍ഘ കാലയളവുകളില്‍ എംഎസ്എംഇകള്‍ക്കായി ഏര്‍പ്പെടുത്തിയത് ശ്രദ്ധേയമായതാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇത്തരമൊരു മോറട്ടോറിയം ലഭ്യമാക്കുന്നതിലൂടെ വായ്പാ വര്‍ഗീകരണത്തെ അത് ബാധിക്കില്ലെന്ന് പറഞ്ഞതിലൂടെ റിസര്‍വ് ബാങ്ക്, ഈയൊരു വിഷമ ഘട്ടത്തില്‍ നാമാവശേഷമാകുമായിരുന്ന സംരംഭങ്ങളെ സമാശ്വാസ രീതിയില്‍ സഹായിച്ചിരിക്കുകയാണ്. ശുദ്ധമായൊരു ക്രെഡിറ്റ് ചരിത്രവും ബാങ്കിംഗ് രേഖകളില്‍ എന്‍പിഎ ആയി ക്‌ളാസിഫൈ ചെയ്യപ്പെട്ട പശ്ചാത്തലവും കോവിഡ് 19 അനന്തര സാമ്പത്തിക നിഷ്‌ക്രിയത്വ കാലയളവില്‍ ബിസിനസുകളെ സംബന്ധിച്ചിടത്തോളം പ്രധാന മാനദണ്ഡമാകുന്ന സംഗതിയാണ് -അദ്ദേഹം വ്യക്തമാക്കി.

രൂപയുടെ ശക്തി പ്രകടനം നല്ല നിലയില്‍
ദുബൈ: കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ രൂപ ശക്തിപ്പെടുന്ന കാഴ്ചയാണുള്ളതെന്നും മറ്റു കറന്‍സികളുമായി തട്ടിച്ചു നോക്കുമ്പോള്‍ രൂപയുടെ ശക്തി പ്രകടനം വിപണി വികാരത്തിനനുസൃതമായി നല്ല നിലയിലാണുള്ളതെന്നും ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ് എംഡി അദീബ് അഹമ്മദ് അഭിപ്രായപ്പെട്ടു. ഈ ശക്തിപ്രകടനം പ്രതീക്ഷിച്ചതാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ നിരവധി ആശ്വാസ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. രൂപയുടെ മേലുള്ള സമ്മര്‍ദം സുഗമമാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. ഇത് നിക്ഷേപക ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഡോളറിനെതിരെയുള്ള രൂപയുടെ നില 74.3575.15 എന്നാണ് ഇന്നലെ വരെ പ്രതീക്ഷിക്കപ്പെട്ടിട്ടുള്ളത്. കോവിഡ് 19 മഹാമാരിയായി ലോകമെങ്ങും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങള്‍ ലോകത്തിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കും വരുത്തി വെക്കുന്ന മാറ്റങ്ങള്‍ അടുത്താഴ്ച എന്തായിരിക്കുമെന്ന് ഈ ഘട്ടത്തില്‍ പ്രവചിക്കുന്നത് അപക്വമായിരിക്കും. വാരാന്ത്യത്തിലെ പ്രവണതകള്‍ നിരീക്ഷിച്ച ശേഷം മാത്രമേ അടുത്താഴ്ച രൂപ എങ്ങനെയാകുമെന്ന് പ്രവചിക്കാനാകൂവെന്നും അദ്ദേഹം വിശദീകരിച്ചു.