
ശ്രീനഗര്‍: ഏഴ് മാസത്തെ വീട്ടുതടങ്കലിന് ശേഷം ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുള്ളക്ക് മോചനം. പൊതുസുരക്ഷാ നിയമ പ്രകാരം ഉമറിനെ തടങ്കലിലാക്കിയതിനെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കശ്മീര്‍ ഭരണകൂടം അദ്ദേഹത്തെ മോചിപ്പിത്. സബ് ജയിലായി പ്രഖ്യപിച്ച സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെയാണ് ഉമര്‍ അബ്ദുള്ളയടക്കമുള്ള കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും തടങ്കലിലാക്കിയത്. ഉമറിന്റെ പിതാവും കശ്മീര്‍ മുന്‍ മുഖ്യന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ ഈ മാസം 13-ന് മോചിപ്പിച്ചിരുന്നു.
മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്. നേതാക്കളെ മോചിപ്പിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ട് വരികയായിരുന്നു. ഇതിനിടയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. ഉമറിനെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ഒരാഴ്ച്ചക്കുള്ളില്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് സുപ്രീകോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. മോചനത്തിന് പിന്നാലെ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്ന് ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
കോവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങളും മുന്‍കരുതല്‍ നടപടികളും ജനങ്ങളിലെത്താന്‍ കശ്മീരിലെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണം. കശ്മീരില്‍ വീട്ടുതടങ്കലില്‍ ആക്കിയിട്ടുളള മുഴുവന്‍ നേതാക്കളെയും വൈറസ് വ്യാപനം കണക്കിലെടുത്ത് മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെപ്പറ്റി പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വൈറസ് വ്യാപനത്തെ നേരിടുന്നതിനാണ് ആദ്യ പരിഗണന. ജീവന്‍ മരണ പോരാട്ടമാണ് നമ്മള്‍ നടത്തുന്നത്. കോവിഡിനെ നേരിടുന്നതിനുളള മുന്‍കരുതലുകള്‍ എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 232 ദിവസത്തെ വീട്ടുതടങ്കല്‍ അവസാനിച്ചുവെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു. തടവിലായ 2019 ഓഗസ്റ്റ് അഞ്ചിലേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ ലോകമാണ് ഇന്ന് കാണാന്‍ കഴിയുന്നതെന്നും ഉമര്‍ ട്വിറ്ററില്‍ കുറിച്ചു.