അടച്ചു പൂട്ടലിന്റെ കാണാപ്പുറങ്ങള്‍

40
21 ദിവസം രാജ്യം അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ കുടിയേറ്റ തൊഴിലാളികള്‍ നൂറു കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകുന്നു. ഡല്‍ഹിയില്‍ നിന്നുള്ള കാഴ്ച

രാജ്യത്ത് തൊഴിലും കിടപ്പാടവും നഷ്ടമായ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം

ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം 21 ദിവസം അടച്ചു പൂട്ടിയിടാന്‍ തീരുമാനിച്ചതോടെ പെരുവഴിയിലായത് ആയിരങ്ങള്‍. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന പല കുടിയേറ്റ തൊഴിലാളികളും ഇന്ത്യയിലങ്ങോളം നഗരങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടതോടെ സ്വന്തം ഗ്രാമങ്ങളിലെത്താനായി കാല്‍നടയാത്രയിലാണ്.
അടച്ചു പൂട്ടല്‍ പ്രഖ്യാപനം വന്നതോടെ ഇവര്‍ ജോലി ചെയ്തിരുന്ന തൊഴില്‍ സ്ഥാപനങ്ങള്‍ അടക്കുകയും തൊഴില്‍ സ്ഥാപനത്തോടനുബന്ധിച്ച് ഇവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളില്‍ നിന്നും ഇവരെ നിര്‍ബന്ധിച്ച് പറഞ്ഞയക്കുകയും ചെയ്തതോടെയാണ് പലരും പെരുവഴിയിലായത്. ചെറിയ കുട്ടികളടങ്ങുന്ന കുടുംബത്തേയും കൊണ്ട് ഇത്തരം തൊഴിലാളികള്‍ 300 കിലോ മീറ്റര്‍ അകലെയുള്ള ഗ്രാമങ്ങളിലേക്ക് പോലും വെള്ളവും ഭക്ഷണവും പോലുമില്ലാതെ കാല്‍നടയായാണ് യാത്രയാവുന്നത്. ഇത്തരം കാഴ്ചകള്‍ ഉത്തരേന്ത്യയില്‍ വ്യാപകമായതോടെ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപലായനം തടയാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം ഇന്നലെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം പുറപ്പെടുവിച്ചു. കാര്‍ഷിക, വ്യാവസായിക, ദിവസ വേതന തൊഴിലാളികളുടെ കൂട്ടപലായനം തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യ വസ്തുക്കളും ഇവര്‍ക്ക് ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. യു.പി, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുളള തൊഴിലാളികളാണ് കൂടുതലായും തൊഴില്‍ നഷ്ടമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നട യാത്രയാവുന്നത്.
തൊഴില്‍ നഷ്ടമായതോടെ ഭക്ഷണം, വാടക എന്നിവ കണ്ടെത്താനാവാതെ വരുന്നതാണ് ഇവരെ ഇത്തരത്തിലുള്ള സാഹസത്തിന് പ്രേരിപ്പിക്കുന്നത്. വിജനമായ ഹൈവേകളിലൂടെ ചെറിയ കുട്ടികളുമായി യാത്രയാവുന്ന ഇത്തരം തൊഴിലാളികളുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിമാര്‍ രംഗത്തു വന്നിരുന്നു. ഇത്തരം തൊഴിലാളികള്‍ക്ക് അഭയം, ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി 18 സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിരുന്നു. ഡല്‍ഹിയില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.  കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും തങ്ങളെ പോലുള്ള പാവങ്ങളില്‍ എത്തില്ലെന്നാണ് വീടണയാനായി മൈലുകള്‍ താണ്ടുന്ന തൊഴിലാളികള്‍ പറയുന്നത്.