ലോക് ഡൗണ്‍

കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാകര്‍ഫ്യൂവില്‍ വിജനമായ മുംബൈ മറൈന്‍ഡ്രൈവ്‌

75 ജില്ലകള്‍ സമ്പൂര്‍ണമായി അടച്ചിടാന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: കേവിഡ് 19 വ്യാപനം ശക്തിപ്പെടുകയും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തതോടെ രാജ്യത്തെ 75 ജില്ലകളില്‍ സമ്പൂര്‍ണ അടച്ചിടലിന് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ വീഡിയോ കോണ്‍ഫറന്‍സ്  യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കേവിഡ് 19 ബാധ റിപ്പോര്‍ട്ട് ചെയ്തതോ, കോവിഡുമായി ബന്ധപ്പെട്ട അത്യാഹിതം നടന്നതോ ആയ ജില്ലകളിലാണ് സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ഏഴ് ജില്ലകളും ഇതില്‍ വരും.
കാസര്‍ക്കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് സമ്പൂര്‍ണമായി അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം ഈ ജില്ലകള്‍ സമ്പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. അതേസമയം ഇവ ഉള്‍പ്പെടെ ഒമ്പതു ജില്ലകളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ തുടരും. കാസര്‍ക്കോട്  ജില്ല പൂര്‍ണമായി അടച്ചിടുമെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ഈ ജില്ലകളില്‍ അവശ്യ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കേന്ദ്രങ്ങള്‍ ഒഴികയുള്ളവ മുഴുവന്‍ അടച്ചിടേണ്ടി വരും. നിയന്ത്രണങ്ങളിലും അടച്ചിടലലിലും സംസ്ഥാനങ്ങള്‍ക്ക് അവിടുത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മാറ്റം വരുത്താനാകും.
കോവിഡ് 19ന്റെ സാമൂഹ്യവ്യാപനം തടയുന്നതിനുള്ള നിര്‍ണായക കാലയളവ് എന്ന നിലക്ക് മാര്‍ച്ച് 31വരെയാണ് അടച്ചിടല്‍ നിര്‍ദേശം. അതേസമയം അഞ്ച് സംസ്ഥാനങ്ങള്‍ ഇന്നലെ തന്നെ സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. ഡല്‍ഹി,  ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളാണ് നിയന്ത്രണം കടുപ്പിച്ചത്. കൂടുതല്‍ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ പ്രഖ്യാപിച്ചുവരികയാണ്. ഡല്‍ഹിയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. ഈ മാസം 29 വരെ രാജ്യാന്തര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ നിരോധിച്ചിട്ടുള്ളതിനാല്‍ ഡല്‍ഹിയിലെ വിമാനത്താവളങ്ങള്‍ പൂര്‍ണമായി അടച്ചിടുന്ന സാഹചര്യമുണ്ടാകും. സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ച മറ്റു നാലു സംസ്ഥാനങ്ങളും താരതമ്യേന കുറഞ്ഞ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയാണ്. അന്തര്‍ സംസ്ഥാന യാത്രികര്‍ വഴി രോഗം പടരുന്നത് ഒഴിവാക്കുന്നതിനു വേണ്ടിയാണ് ഇവിടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കിയത്.
സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ജനുവരി 31വരെയുളള എല്ലാ ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചതായി റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കും നിയന്ത്രണം ബാധകമാണ്. അതസമയം ചരക്കു വണ്ടികള്‍ സര്‍വീസ് തുടരും. ആസ്പത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കോവിഡ് 19 വ്യാപനം തടയുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളും സംവിധാനങ്ങളും സ്ഥാപനങ്ങളും എന്നിവക്കും നിയന്ത്രണം ബാധകമായേക്കില്ല. അതേസമയം സമ്പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിക്കുമെന്ന സൂചനകളെതുടര്‍ന്ന് വിപണികളില്‍ അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം കഴിഞ്ഞ ദിവസംതന്നെ പ്രകടമായിത്തുടങ്ങിയിരുന്നു. ജനതാ കര്‍ഫ്യൂവിന് മുന്നോടിയായി അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ ശനിയാഴ്ച കേരളത്തിലെ ചെറു നഗരങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തമിഴ്‌നാട് അതിര്‍ത്തികള്‍ അടച്ചെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോട ചരക്കു നീക്കംനിലക്കുമോ എന്ന ആശങ്ക പരന്നതും ആളുകളെ അവശ്യ സാധനങ്ങള്‍ കൂട്ടത്തോടെ വാങ്ങിക്കൂട്ടാന്‍ പ്രേരിപ്പിച്ചിരുന്നു. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാകര്‍ഫ്യൂവിന് മികച്ച പ്രതികരണമാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടായത്. ചെറു പട്ടണങ്ങള്‍ ഉള്‍പ്പെടെ ആളൊഴിഞ്ഞു കിടന്നു. ഗ്രാമപ്രദേശങ്ങളില്‍ മാത്രമാണ് നേരിയ തോതിലെങ്കിലും ആളനക്കമുണ്ടായത്. പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിശ്ചലമായിരുന്നു. ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു.