കോവിഡ്-19 വൈറസില്‍നിന്ന് രക്ഷപ്പെടുന്നതിന് അടുത്ത ആഴ്ചകളില്‍ വീട്ടില്‍ തന്നെ തുടരാന്‍ എഴുപത് വയസ്സ് പിന്നിട്ടവരോട് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശം. ബ്രിട്ടനില്‍ കോവിഡ് മരണം 21ല്‍ എത്തിനില്‍ക്കെ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ഭരണകൂടത്തിനുമേല്‍ സമ്മര്‍ദ്ധം വര്‍ദ്ധിച്ചിട്ടുണ്ട്. മരണപ്പെട്ടവരെല്ലാം 60 വയസിന് മുകളിലുള്ളവരോ ആരോഗ്യ പ്രശ്നങ്ങളുള്ളവരോ ആണ്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും വൃദ്ധരെ സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കള്‍ രണ്ട് മീറ്റര്‍ അകലം പാലിക്കേണ്ടതാണെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു. കാര്‍, ആയുധ നിര്‍മാതാക്കളോട് കൊറോണ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളുടെ ആവശ്യത്തിന് മെഡിക്കല്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടും. കൊറോണ രോഗികള്‍ക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുമെന്നതുകൊണ്ടാണ് കൂടുതല്‍ വെന്റിലേറ്ററുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആശുപത്രികളില്‍ എത്തിക്കാന്‍ നീക്കം നടത്തുന്നത്. മഹാമാരിയായി പടര്‍ന്നുകൊണ്ടിരിക്കുന്ന കോവിഡ് 19നെതിരെയുള്ള പോരാട്ടം ഉപേക്ഷിക്കില്ലെന്ന് ഹാന്‍കോക്ക് വ്യക്തമാക്കി. ബ്രിട്ടനില്‍ എല്ലാവരെയും ഈ രോഗം ബാധിച്ചേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. സണ്ടെ ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തില്‍ രണ്ടാം ലോകമഹായുദ്ധത്തോടാണ് കോവിഡ് 19 പ്രതിസന്ധിയെ ഹാന്‍കോക്ക് വിശേഷിപ്പിച്ചത്. രോഗ വ്യാപനം തടയാനുള്ള സര്‍ക്കാര്‍ നടപടികള്‍ അപര്യാപ്തമാണെന്ന് ചില ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കുറ്റപ്പെടുത്തി. പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്ന് മന്ത്രമാര്‍ക്ക് അയച്ച കത്തില്‍ അവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ 1140 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി നേരിടുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ കൂടുതല്‍ വെന്റിലേറ്ററുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിച്ച് ആശുപത്രികളിലെത്തിക്കാന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്സന് ബ്രിട്ടീഷ് കമ്പനികളോട് ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യുന്നതിന് അദ്ദേഹം വ്യവസായ തലവന്മാരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. കോവിഡ് രോഗികള്‍ക്കായി നിലവില്‍ 5000 വെന്റിലേറ്ററുകള്‍ ലഭ്യമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വെന്റിലേറ്റുകള്‍ ആവശ്യമായി വരും. സ്വകാര്യ ആശുപത്രികളില്‍നിന്ന് ആയിരക്കണക്കിന് ബെഡുകള്‍ വാങ്ങാനുള്ള നടപടി പുരോഗമിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റും. പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്ബിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടുണ്ട്. പ്രത്യേക നിയമനിര്‍മാണത്തിലൂടെ പ്രതിരോധ നടപടികള്‍ ശക്തമാക്കണമെന്നും കോര്ബിന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.