ലുലു പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ രാത്രി 7 വരെ; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രിയോറിറ്റി കൗണ്ടറുകള്‍

52

ദുബൈ: യുഎഇ അണുനശീകരണ യജ്ഞം കണക്കിലെടുത്ത് യുഎഇയിലെ ലുലു സ്‌റ്റോറുകള്‍ പ്രവര്‍ത്തന സമയം രാവിലെ 8 മുതല്‍ രാത്രി 7 വരെയാക്കി നിജപ്പെടുത്തി. ആയതിനാല്‍, ഷോപ്പിംഗിനെത്തുന്നവര്‍ തങ്ങളുടെ പര്‍ചേസിംഗ് ഈ സമയക്രമം പാലിച്ച് പുനരാസൂത്രണം ചെയ്യണമെന്നും സാമൂഹിക അകല പാലനത്തിനനുസൃതമായി അവസാന സമയത്തെ തിരക്കൊഴിവാക്കാന്‍ ഇതുപകരിക്കുമെന്നും ലുലു ഗ്രൂപ് ചീഫ് കമ്യൂണികേഷന്‍സ് ഓഫീസര്‍ വി.നന്ദകുമാര്‍ അറിയിച്ചു.
അതിനിടെ, ലുലു സ്‌റ്റോറുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ ബില്‍ കൊടുക്കാനും ട്രോളികളുടെ വേഗത്തിലുള്ള ലഭ്യതയും ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് 19 പോരാട്ട മുന്‍നിരയിലുള്ളവരെന്ന നിലക്കാണ് മുന്‍ഗണനാ (പ്രിയോറിറ്റി) കൗണ്ടറുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലുലു ഹൈപറുകളില്‍ ഏതാനും ദിവസമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടു കാഷ് കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ട്. ഇതു വഴി, അവര്‍ക്ക് വേഗത്തില്‍ പര്‍ചേസിംഗിന് സൗകര്യമായിരിക്കുകയാണ്.
”കോവിഡ് 19നെതിരായ യുദ്ധത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പരിചരണ പ്രവര്‍ത്തകരും മുന്‍നിരയിലാണ്. അവരുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ നന്ദി പറയുന്നതിനുമപ്പുറമാണ്” -നന്ദകുമാര്‍ പറഞ്ഞു. നാം കുറച്ചു മാത്രമേ അവര്‍ക്കു വേണ്ടി ചെയ്തിട്ടുള്ളൂവെന്നാണ് ആശുപത്രികളില്‍ അവര്‍ സമ്മര്‍ദത്തോടെ ദീര്‍ഘ നേരം ചെലവഴിക്കുന്നത് കണക്കിലെടുക്കുമ്പോള്‍ തേയാന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌പെഷ്യല്‍ ട്രോളികളും ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരുടെയും ഐഡി പ്രൂഫ് പരിശോധിക്കുന്നില്ല. ആരും ഈ സൗകര്യം ദുരുപയോഗിക്കില്ലെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ലോകമുടനീളമുള്ള 188 ലുലു സ്‌റ്റോറുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.