ഭക്ഷ്യ വസ്തുക്കളുമായി ലുലു ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ യുഎഇയിലെത്തി

    ഭക്ഷ്യ വസ്തുക്കളുമായി ലുലു ചാര്‍ട്ടര്‍ ചെയ്ത വിമാനം അബുദാബിയില്‍ ലാന്റ് ചെയ്തപ്പോള്‍

    അബുദാബി: ഭക്ഷ്യ വസ്തുക്കളുമായി ലുലു ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ യുഎഇയിലെത്തി. എല്ലാ ലുലു സ്‌റ്റോറുകളിലും അവശ്യ സാധനങ്ങള്‍ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വാണിജ്യ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തത്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിക്കാനായി ലുലു കൂടുതല്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യും. 18 ടണ്‍ പഴങ്ങളും പച്ചക്കറികളും വഹിച്ച ആദ്യ ചാര്‍ട്ടേര്‍ഡ് കാര്‍ഗോ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ട് അബുദാബിയില്‍ എത്തി. ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ നിന്നും 35 ടണ്ണിലധികം പഴങ്ങളും പച്ചക്കറികളും സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളുമുള്ള രണ്ട് പ്രത്യേക ചാര്‍ട്ടേര്‍ഡ് കാര്‍ഗോ വിമാനങ്ങള്‍ ബുധനാഴ്ച പുറപ്പെടും. സ്‌പൈസ് ജെറ്റില്‍ നിന്നാണ് ഈ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് മറ്റു ജിസിസി രാജ്യങ്ങളിലേക്കും ചരക്കു വിമാനങ്ങള്‍ ഉണ്ടാകും. സമയ ബന്ധിതമായ ഈ നടപടികള്‍ എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും അവശ്യ വസ്തുക്കള്‍ ഉറപ്പാക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.