ദുബൈ: ലുലുവിന്റെ യുഎഇയിലെ എല്ലാ ഹൈപര്‍-സൂപര്‍ മാര്‍ക്കറ്റുകളും ദിവസവും രാവിലെ 8 മുതല്‍ അര്‍ധരാത്രി 12 വരെ പതിവു പോലെ പ്രവര്‍ത്തിക്കുമെന്ന് ലുലു ഗ്രൂപ് അറിയിച്ചു. അധികാരികളുടെ ഏറ്റവും പുതിയ അറിയിപ്പനുസരിച്ച് പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്ന് ലുലു ഗ്രൂപ് ചീഫ് കമ്യൂണികേഷന്‍സ് ഓഫീസര്‍ വി.നന്ദകുമാര്‍ വ്യക്തമാക്കി.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ലോജിസ്റ്റിക്‌സ് പങ്കാളികളുമായും വിതരണക്കാരുമായും നിരന്തരം ബന്ധപ്പെട്ട് കാര്യങ്ങള്‍ ദ്രുതഗതിയില്‍ മുന്നോട്ട് കൊണ്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയിലുടനീളമുള്ള വെയര്‍ ഹൗസുകളില്‍ എല്ലാ വിധ അവശ്യ സാധനങ്ങളും ദീര്‍ഘ കാലത്തേക്ക് തങ്ങള്‍ സംഭരിച്ചു വെച്ചിട്ടുണ്ടെന്നും ഇതില്‍ ആശങ്ക ഉണ്ടാവേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ലുലു സ്‌റ്റോറുകളില്‍ ഫ്രഷ് ഭക്ഷ്യ വസ്തുക്കളടക്കം മുടക്കം വരാതെ വിതരണം നടത്താന്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുമെന്ന് നന്ദകുമാര്‍ വെളിപ്പെടുത്തി. ഇപ്രകാരം ചാര്‍ട്ടര്‍ ചെയ്ത ആദ്യ കാര്‍ഗോ വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് 18 ടണ്‍ പഴങ്ങളും പച്ചക്കറികളും ഇന്നലെ എത്തി.
2 അധിക ചാര്‍ട്ടര്‍ കാര്‍ഗോ വിമാനങ്ങള്‍ ഡല്‍ഹിയില്‍ നിന്നും കൊച്ചിയില്‍ നിന്നും 35 ടണ്‍ പഴം, പച്ചക്കറികള്‍, സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുമായി ഇന്നെത്തും. സ്‌പൈസ് ജെറ്റില്‍ നിന്നാണ് ഈ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍. ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേരിട്ട് കാര്‍ഗോ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ പ്രവര്‍ത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന ഭക്ഷ്യ വിഭവങ്ങള്‍ എല്ലാ ലുലു ഹൈപര്‍ മാര്‍ക്കറ്റുകളിലും തടസ്സമില്ലാതെ വിതരണം ചെയ്യാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.