മലപ്പുറം ജില്ലാ കെഎംസിസി രക്തദാന ക്യാമ്പ് മാതൃകയായി

63
ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നിന്ന്‌

ദുബൈ: ലോകം കൊറോണയുടെ ഭീതിയില്‍  നില്‍ക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധത പ്രദര്‍ശിപ്പിച്ച് രക്തദാനം മഹാദാനം എന്ന സന്ദേശം നല്‍കി യുഎഇക്കൊപ്പം ചേര്‍ന്ന് മലപ്പുറം ജില്ലാ കെഎംസിസി മാതൃകയായി. യുഎഇ ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച രക്തദാന ക്യാമ്പ് അടിയന്തിര ഘട്ടത്തില്‍ പ്രവാസി സമൂഹം ഈ നാട്ടിനോട് ചെയ്യുന്ന പ്രതിബദ്ധതയടെ പ്രതീകമായി മാറി. നിര്‍ഭയത്തോടെ യുഎഇ ആരോഗ്യ പരിരക്ഷാ രംഗത്ത് പ്രതിസന്ധിയിലും ഒരു കരുതലായി ഞങ്ങളും കൂടെയുണ്ടെന്ന സന്ദേശവുമായി ഒട്ടനവധി പേരാണ് രക്തദാന ക്യാമ്പില്‍ പങ്കാളികളായത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഷാര്‍ജ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മൊബൈല്‍ ബ്ലഡ് വിഭാഗത്തിനു  വേണ്ടി നായിഫ് പൊലീസ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സജ്ജീകരിച്ചിരുന്നത്. കോവിഡ് 19 വൈറസ് ഭീഷണിയെ തുടര്‍ന്ന് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശിച്ച പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ സംവിധാനത്തോടു കൂടിയായിരുന്നു ക്യാമ്പ്. ദേര നായിഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് നടന്ന രക്തദാനം ക്യാപ്റ്റന്‍ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നായിഫ് പൊലീസ് ഉദ്യോഗസ്ഥന്‍ അബ്ദുല്ല അഹ്മദ് അഹ്‌ലി കെഎംസിസി നേതാക്കളായ പി.കെ.അന്‍വര്‍ നഹ, മുസ്തഫ തിരൂര്‍, ഒ.കെ. ഇബ്രാഹീം, കെ.പി.എ സലാം, ആര്‍.ശുക്കൂര്‍, നുറുദ്ദീന്‍ കാഞ്ഞങ്ങാട്(കെഎംസിസി മെഡിക്കല്‍ വിംഗ് ), മുഹമ്മദ് എ. കെ (ഷാര്‍ജ ), അന്‍വര്‍, പി.വി നാസര്‍, സലാം കന്യാപാടി, ടി.ആര്‍ ഹനീഫ്, ബദറുദ്ദീന്‍ തറമ്മല്‍, മുജീബ് കോട്ടക്കല്‍, ഷക്കീര്‍ പാലത്തിങ്ങല്‍, ഷിഹാബ് ഏറനാട്, അബ്ദുള്‍ സലാം പരി, ഇ.സാദിഖലി എന്നിവര്‍ സംബന്ധിച്ചു. സുബൈര്‍ കുറ്റൂര്‍, ടി.പി സൈതലവി, ഉമ്മര്‍ വണ്ടൂര്‍, സൈനുദ്ധീ കടവനാട്, ഷരീഫ് മാറാക്കര, അഫ്‌സല്‍ തിരൂര്‍, മുഹമ്മദ് വള്ളിക്കുന്നു, റസാഖ് വളാഞ്ചേരി, മുസ്തഫ പൊന്നാനി നേതൃത്വം നല്‍കി.