‘മഞ്ജീരധ്വനി’ സവിശേഷമായി

'ഇമാല്‍കോ' ബിസിനസ് സംരംഭ സമാരംഭ ചടങ്ങില്‍ നിന്ന്‌

ഷാര്‍ജ: മഞ്ചേരിയുടെ ആഗോള കൂട്ടായ്മയായ ‘ഇമ മഞ്ചേരി ഗ്‌ളോബല്‍’ ഷാര്‍ജയില്‍ നടത്തിയ മെഗാ ഇവന്റ് സ്‌പോട്ട് ‘മഞ്ജീരധ്വനി’ സംഘാടക മികവു കൊണ്ടും ജനബാഹുല്യം കൊണ്ടും ശ്രദ്ധേയമായി. പ്രശസ്ത നടിയും നര്‍ത്തകിയുമായ അനു സിത്താര, കണ്ണൂര്‍ ശരീഫ്, ആസിഫ് കാപ്പാട്, സതീഷ് കലാഭവന്‍ എന്നിവരുടെ നേതൃത്വത്തില്‍ കലാവിരുന്നും നടന്നു. ചടങ്ങില്‍ ഡി ഹോംസ് വില്ല പ്രൊജക്റ്റ് നടി അനുസിത്താരയും പ്രശസത മോഡല്‍ മാസ്റ്റര്‍ ഐസിന്‍ ഹാഷും ചേര്‍ന്ന് അവതരിപ്പിച്ചു. കൂടാതെ, മഞ്ചേരി പ്രവാസികളുടെ ഉന്നമനത്തിനായി മഞ്ചേരിയുടെയും പരിസര പ്രദേശത്തുള്ള പ്രവാസികള്‍ക്കായി ഇമാല്‍കോ എന്ന ബിസിനസ് സംരംഭത്തിന് തുടക്കം കുറിച്ചു. സ്‌പോട്ട് എംഡി നൗഷാദ്, ഡി ഹോംസ് എംഡി അന്‍വര്‍, ഇമാല്‍കോ എംഡി റഷീദ് എന്നിവരെ ആദരിച്ചു. ബഷീര്‍ തിക്കോടി, അഷ്‌റഫ് താമരശ്ശേരി എന്നിവര്‍ പങ്കടുത്തു. മഞ്ജീരധ്വനി സീസണ്‍-2 മഞ്ചേരിയില്‍ ആഗോള പ്രവാസി ബിസിനസ് സമ്മിറ്റ് എന്ന ആശയത്തോടെ അതിവിപുലമായി നടത്തുമെന്നും ഈ വിജയം അതിന് കരുത്തേകുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള മഞ്ചേരിക്കാരെ ഒരുമിപ്പിക്കുന്നതിനോടൊപ്പം നിക്ഷേപ-തൊഴില്‍ സാധ്യതകളെ കുറിച്ചും പ്രവാസി പുനരധിവാസ പദ്ധതികളെ കുറിച്ചും വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും ഇതിനോടൊപ്പം വിഭാവനം ചെയ്യുന്നു.