കേന്ദ്രത്തിന്റെ വിലക്ക് നീങ്ങി : മീഡിയ വണ്ണും തിരിച്ചെത്തി

ഡല്‍ഹിയിലെ വംശീയ അതിക്രമം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയ മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നേരത്തെ തന്നെ സംപ്രേഷണം പുനഃരാരംഭിച്ചിരുന്നു. ഇന്നലെ വൈകിട്ട് 7.30 മുതല്‍ നിര്‍ത്തി വച്ച സംപ്രേഷണമാണ് ഇന്ന് രാവിലെ മുതല്‍ ഇരുചാനലുകളും പുനഃരാരംഭിച്ചത്.

പ്രമുഖ മലയാളം വാര്‍ത്ത ചാനലുകളായ ഏഷ്യനെറ്റ് ന്യൂസിന്റെയും മീഡിയ വണ്ണിന്റെയും സംപ്രേഷണം 48 മണിക്കൂര്‍ നിര്‍ത്തി വയ്ക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ രാത്രി മുതല്‍ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകള്‍ സംപ്രേഷണം അവസാനിപ്പിക്കേണ്ടി വന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും ചാനലുകള്‍ ലഭ്യമായിരുന്നില്ല.

മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ആരംഭിച്ചു. പുലര്‍ച്ചെ 2.44 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് യൂടൂബില്‍ ലൈവ് ലഭ്യമാകുന്നുണ്ട്. ഇന്നു പുലര്‍ച്ചെ രണ്ടിനു ശേഷമാണ് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം പുനഃരാരംഭിച്ചത്. എന്നാല്‍, മീഡിയ വണ്‍ ചാനല്‍ രാവിലെ ഒമ്പതിന് ശേഷമാണ് സംപ്രേഷണം ആരംഭിച്ചത്.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് മന്ത്രാലയം ഇരു ചാനലുകലുകളുടെയും സംപ്രേക്ഷണം നിര്‍ത്തി വയ്ക്കാന്‍ നേരത്തെ ഉത്തരവിട്ടത്. നിയമലംഘനം ചൂണ്ടികാട്ടി കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ചാനലുകള്‍ക്ക് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. ചാനലുകളുടെ ഭാഗത്ത് നിന്നും മറുപടി ലഭിച്ച ശേഷമാണ് മന്ത്രാലയത്തിന്റെ നടപടി.

വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25ന് ഏഷ്യനെറ്റ് ന്യൂസിലും മീഡിയ വണ്ണിലും സംപ്രേഷണം ചെയ്ത വിവിധ ബുള്ളറ്റിനുകളുടെ ഉള്ളടക്കം 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിന്റെ ലംഘനമാണ് എന്ന് മന്ത്രാലയം വിലയിരുത്തി.

ആര്‍എസ്എസിനെയും ഡല്‍ഹി പോലിസിനെയും വിമര്‍ശിക്കുകയും പ്രതിസ്ഥാനത്ത് നിര്‍ത്തുകയും ചെയ്തു, ആഭ്യന്തര മന്ത്രാലയത്തിനെതിരേ വാര്‍ത്തകള്‍ നല്‍കി തുടങ്ങിയ വാര്‍ത്തകള്‍ ബ്രോഡ്കാസ്റ്റിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു കാണിച്ച് ഇരുചാനലുകള്‍ക്കും മന്ത്രാലയം വിശദീകരണ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് ചാനല്‍ അധികൃതര്‍ നല്‍കിയ വിശദീകരണം തള്ളിയാണ് വെള്ളിയാഴ്ച സംപ്രേഷണനിരോധനം നടപ്പാക്കിയത്. മാധ്യമവിലക്കിനെതിരേ കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ രാത്രിയില്‍ തന്നെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും സംഘടനകളും ദേശീയപാത ഉപരോധവും റെയില്‍വേ സ്‌റ്റേഷന്‍, പോസ്‌റ്റോഫിസുകള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ നേതാക്കളും യുവജന പ്രസ്ഥാനങ്ങളും കേരള സംസ്ഥാന പത്രപ്രവര്‍ത്തക യൂനിയനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധത്തിന് ആഹ്വാനവും ചെയ്തിട്ടുണ്ട്.