ഷഹീന്‍ബാഗില്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി അവശത മറന്ന് എം.ജി.എസ്‌

35
പൗരത്വ വിവേചനത്തിനെതിരായ മുസ്്‌ലിംയൂത്ത്‌ലീഗ് അനിശ്ചിതകാല ഷഹീന്‍ബാഗിന്റെ 32-ാം ദിനം ഉദ്ഘാടനം ചെയ്യാനെത്തിയ ചരിത്രകാരന്‍ എം.ജി.എസ് നാരായണനെ വേദിയിലേക്ക് ആനയിക്കുന്നു
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ഷഹീന്‍ ബാഗ് സ്‌ക്വയര്‍ അനിശ്ചിതകാല സമരം മുപ്പത്തിരണ്ട് ദിവസം പൂര്‍ത്തിയായി. ചരിത്ര പണ്ഡിതനും ചിന്തകനുമായ ഡോ.എം.ജി.എസ് നാരായണന്റെ സാനിധ്യം ശ്രദ്ധേയമാക്കിയ ദിനത്തില്‍ സ്വതന്ത്രൃ കര്‍ഷക സംഘം ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകരും പ്രവര്‍ത്തകരുമായിരുന്നു ഇന്നലെ നേതൃത്വം നല്‍കിയത്. ശാരീരിക അവശതകള്‍ വകവെക്കാതെ എത്തിയ അദ്ദേഹം ഹൃസ്വമായ ഏതാനും വാക്കുകളില്‍ ഉദ്ഘാടനം ഒതുക്കിയെങ്കിലും ഉറച്ച ഐക്യദാര്‍ഢ്യമാണ് ഉദ്‌ഘോഷിച്ചത്.
ഇന്നിവിടെ നാം കടപ്പുറത്ത് കൂടിയിരിക്കുന്നത് നമുക്കെല്ലാം വിലപ്പെട്ട കാര്യത്തിനാണ്. എല്ലാവരുടെയും അഭിവാദ്യങ്ങളും പ്രയത്മത്‌നങ്ങളും ആവശ്യമാണ്. എല്ലാ അഭിപ്രായങ്ങളും മാറ്റിവെച്ച് ഇവിടെയെത്തിയവര്‍ക്ക് മംഗളാശംസകള്‍. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ ജാതി മത വ്യത്യാസമില്ലാതെ പിന്തുണക്കേണ്ടതാണിത്. സ്വാതന്ത്ര്യ സമരത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. ആ ആദര്‍ശങ്ങളെയും ലക്ഷ്യങ്ങളെയും കൈവരിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ക്ഷണിച്ചിതില്‍ നന്ദിയുണ്ട്. ഉദ്ഘാടനം ചെയ്തുകൊണ്ട് എം.ജി.എസ് വ്യക്തമാക്കി. സ്വതന്ത്രൃ കര്‍ഷക സംഘം ജില്ല പ്രസിഡന്റ് ഒ.പി മൊയ്തു അധ്യക്ഷത വഹിച്ചു. സ്വതന്ത്രൃ കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.
മുസ്്‌ലിം ലീഗ് കോഴിക്കോട് ജില്ല പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറിമാരായ മുജീബ് കാടേരി, ആഷിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, മുസ്്‌ലിം ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കല്‍, റഫീഖ് സഖരിയ്യ ഫൈസി, ടി.പി ചെറൂപ്പ, സ്വതന്ത്രൃ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിമാരായ ശ്യാം സുന്ദര്‍, കെ.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, സ്വതന്ത്രൃ കര്‍ഷക സംഘം ജില്ല ഭാരവാഹികളായ സി.വി മൊയ്തീന്‍ കോയ, അബ്ദുറഹിമാന്‍ തട്ടാഞ്ചേരി, കെ.കെ അന്ത്രു മാസ്റ്റര്‍, എ.പി മൂസ പ്രസംഗിച്ചു. സ്വതന്ത്രൃ കര്‍ഷക സംഘം ജില്ല ജനറല്‍ സെക്രട്ടറി നസീര്‍ വളയം സ്വാഗതവും ട്രഷറര്‍ പി ബീരാന്‍കുട്ടി നന്ദിയും പറഞ്ഞു.