മഹാമാരിയായ കോവിഡ് 19ന്റെ വ്യാപനം തടയുന്നതിന് സര്‍ക്കാറുകള്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ കണിശമായും പാലിക്കണമെന്നും പ്രതിരോധത്തിലൂടെയും മുന്‍കരുതലുകളിലൂടെയും രോഗത്തെ നിയന്ത്രിക്കാനാകുമെന്നും കേരള നിയമസഭാ പ്രതിപക്ഷ ഉപ നേതാവ് ഡോ. എം.കെ മുനീര്‍. ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിന് ഓണ്‍ലൈനില്‍ നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വിദേശത്തുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരും മറ്റുള്ളവരെ പോലെ തന്നെ ഈയവസരത്തില്‍ ആശങ്കയിലാണെന്നറിയാം. വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്യപ്പെട്ട സ്ഥിതിയായതോടെ ഒറ്റപ്പെട്ട പ്രതീതിയുണ്ട്. രോഗം പടരാതിരിക്കാനാണ് ക്വാറന്റൈനും ഐസൊലേഷനും പോലുള്ള നടപടികള്‍.
രോഗ വ്യാപന സ്വഭാവമനുസരിച്ച് ക്വാറന്റൈന്‍ 14 ദിവസത്തില്‍ നിന്നും ചിലപ്പോള്‍ 28 ദിവസമാക്കി ഉയര്‍ത്താനും ഇട വന്നേക്കാം. എന്നാല്‍, ഈ സാഹചര്യം സഹിക്കുകയല്ലാതെ മറ്റു നിര്‍വാഹങ്ങളില്ല. അതുകൊണ്ട്, എല്ലാവരും എല്ലാവര്‍ക്കും വേണ്ടി സഹകരിക്കണം. രോഗ ലക്ഷണങ്ങളുള്ളവരില്‍ നിന്നും സാമൂഹികമായ അകലം പാലിക്കലും സാനിറ്റൈസറുകളുടെ ഉപയോഗം പോലുള്ള വ്യക്തിഗതമായ ശുചിത്വ-സംരക്ഷണ രീതികളും എല്ലാവരും സ്വന്തം ഉത്തരവാദിത്തമായി കാണണം. പ്രവാസികള്‍ ഒറ്റപ്പെട്ടു എന്ന തോന്നല്‍ വേണ്ട. മാനസികമായി എപ്പോഴും കൂടെയുണ്ട്. എന്ത് വിവരത്തിനും ബന്ധപ്പെടാം. ഈ മഹാവ്യാധിയില്‍ നിന്ന് ലോകം എത്രയും വേഗം മോചിപ്പിക്കപ്പെടട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥിച്ചു.