ഡല്‍ഹി കലാപം: കൊല്ലപ്പെട്ടവരുടെ മക്കള്‍ക്ക് പഠനം തുടരാന്‍ മുസ്്‌ലിം ലീഗ് സ്‌കോളര്‍ഷിപ്പ്‌

ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മക്കള്‍ക്കുള്ള മുസ്്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടിമുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിക്കുന്നു

കൊല്ലപ്പെട്ട
മുഴുവന്‍ പേരുടെയും വിദ്യാര്‍ത്ഥികളായ
മക്കള്‍ക്ക് ധനസഹായം നല്‍കും

ന്യൂ ഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനു മുസ്്‌ലിം ലീഗ് ദേശീയ കമ്മിറ്റി  സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡല്‍ഹിയില്‍ കൊല്ലപ്പെട്ട മുദസ്സറിന്റെ സഹോദരപുത്രന്‍ അയാന്‍ മുഖ്യാതിഥിയായി. കൊല്ലപ്പെട്ട മാമുവിനെ നോക്കി പൊട്ടിക്കരയുന്ന ചിത്രം ഡല്‍ഹി കലാപത്തിന്റെ കണ്ണീര്‍ നനഞ്ഞ കാഴ്ചയായിരുന്നു. ലോകത്തെ  മുഴുവന്‍ വേദനിപ്പിച്ച ആ പിഞ്ചു ബാലന്റെ ചിരിക്കുന്ന മുഖമാണ് ഇന്നലെ കണ്ടത്.
എട്ടു പെണ്‍കുട്ടികളുണ്ടായിരുന്ന മുദസിറിന് സ്വന്തം മകനെ പോലെയായിരുന്ന അയാന്‍. ഗലികളിലൂടെ തന്നെ കൈ പിടിച്ചു നടത്തിയ പ്രിയപ്പെട്ട മാമുവിന്റെ ചേതനയറ്റ ശരീരം കണ്ട് വിതുമ്പിക്കരയുന്ന അയാന്റെ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. മുദസിറിന്റെ മൂത്ത മകള്‍ ശിഫ നാസ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഇളയ മകള്‍ ഇനായക്ക് കേവലം ഒരു മാസമാണ് പ്രായം. എട്ടു കുട്ടികളുടെയും സ്‌കോളര്‍ഷിപ്പ് തുക ഇന്നലെ കൈമാറി.
കലാപത്തിന്റെ ഇരയായ മഅറുഫിന്റെ മക്കള്‍ ജിനത്തിനും ഫര്‍ഹാന്‍ അലിക്കും സ്‌കോളര്‍ഷിപ്പ് നല്‍കിയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കലാപത്തിന്റെ ഇരകളുടെ ജീവിത പ്രശ്‌നങ്ങള്‍ സാധ്യമാകുന്നേടത്തോളം പരിഹരിക്കാനുള്ള ശ്രമത്തിലാണ് മുസ്‌ലിം ലീഗെന്ന് ഇ.ടി പറഞ്ഞു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ പദ്ധതി വിശദീകരിച്ചു. കൊല്ലപ്പെട്ട മുഴുവന്‍ പേരുടെയും വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് അവരുടെ പേരില്‍ തന്നെയാണ്  സ്‌കോളര്‍ഷിപ്പ് തുക കൈമാറുക. ഇവരുടെ തുടര്‍ന്നുള്ള വിദ്യാഭ്യാസത്തിനും എല്ലാ സഹായവും പാര്‍ട്ടി നല്‍കുമെന്ന് സി കെ സുബൈര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ അധ്യക്ഷത വഹിച്ചു. ഡല്‍ഹി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് മൗലാന നിസാര്‍ അഹമ്മദ്, വൈസ് പ്രസിഡണ്ട് നിസാം മുഹമ്മദ്, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമാരായ അഡ്വ.വി.കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി, ഡല്‍ഹി കെ.എം.സി.സി പ്രസിഡണ്ട് അഡ്വ: ഹാരിസ് ബീരാന്‍, യൂത്ത് ലീഗ് ദേശീയ  എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് ഹലീം, ഷിബു മീരാന്‍, അഡ്വ: മര്‍സൂഖ് ബാഫഖി,ഡല്‍ഹി കെ.എം.സി.സി സെക്രട്ടറി സലില്‍ ചെമ്പയില്‍  സംബന്ധിച്ചു.