
കുവൈത്ത് സിറ്റി: ഒരു പുതിയ കൊറോണ ബാധ മാത്രമാണ് തിങ്കളാഴ്ച കുവൈത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഇതു വരെ രേഖപ്പെടുത്തിയ കേസുകളുടെ എണ്ണം 189 ആയി. യുഎഇയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് ഒരു കുവൈത്ത് പൗരനാണ് രോഗം ബാധിച്ചയാളെന്ന് ആരോഗ്യ വകുപ്പിലെ ഡോ. അബ്ദുല്ല അല്‍ സനദ് പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ, ചികിത്സയിലുള്ളവര്‍ 159 ആയി. കുവൈത്തില്‍ ചികിത്സയിലുള്ളവരില്‍ 131 പേര് കുവൈത്ത് പൗരന്മാരും ബാക്കി ഈജിപ്ത് (12), ഫിലിപ്പീന്‍സ് (5), ലബനാന് (3), ഇന്ത്യ (3), സ്പെയിന് (2), അമേരിക്ക (1), സുഡാന് (1), സൊമാലിയ (1) രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. കൊറോണ വൈറസിനെതിരെയുള്ള കുവൈത്തിന്റെ പ്രതിരോധ നടപടികള്‍ സമയ ബന്ധിതമാണെന്നും മാതൃകാപരമാണെന്നും ലോകാരോഗ്യ സംഘടന നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
അതിനിടെ, കുവൈത്തില്‍ ശക്തമായ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇന്നലെ മുതല്‍ തുടങ്ങിയ അനിശ്ചിതകാല കര്‍ഫ്യൂ ലംഘിച്ച നിരവധി പേര് പിടിയിലായി. വൈകുന്നേരം 5 മുതല്‍ രാവിലെ 4 മണി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കര്‍ഫ്യൂ നിയമം ലംഘിച്ചതിന് ആദ്യ ദിനമായ ഞായറാഴ്ച രാത്രി പിടിയിലായവരില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 200ഓളം പേരുണ്ട്. കര്‍ഫ്യൂ നിയമ ലംഘകരെ പാര്‍പ്പിക്കുന്നതിനു രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ വിദ്യാലയങ്ങള്‍ ഇതിനകം ഒരുക്കിയിട്ടുണ്ട്. കര്‍ഫ്യൂ നിയമം ലംഘിക്കുന്നവര്‍ക്ക് 3 വര്‍ഷം തടവും 10,000 ദിനാര്‍ പിഴവുമാണ് ശിക്ഷ. അബ്ബാസിയ, ഫര്‍വ്വാനിയ, അബൂ ഖലീഫ, മംഗഫ് തുടങ്ങി ജനസാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ കര്‍ഫ്യൂ നിയമ ലംഘകരെ നിരീക്ഷിക്കാന്‍ സൈനികരുള്‍പ്പെടെയുള്ള സേനയുടെ പ്രത്യേക പരിശോധനയും ഉണ്ടായിരുന്നു. കര്‍ഫ്യൂ സമയങ്ങളില്‍ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങള്‍ പുറത്തിറങ്ങാന്‍ അനുമതി നേടുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അതിന്റെ ലിങ്ക്: https://curfew.paci.gov.kw/request/create