കുരങ്ങുപനി: ആശങ്കയൊഴിയാതെ വയനാട്‌

11

വീണ്ടും മരണം; മൂന്ന് പേര്‍ കൂടി ആസ്പത്രിയില്‍

കല്‍പ്പറ്റ: 2014ല്‍ വന്‍ഭീതി പരത്തുകയും 11 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത കുരങ്ങ്പനി വീണ്ടും ജില്ലയില്‍ ആശങ്ക പരത്തുന്നു. രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ ഇന്നലെ മരിച്ചതോടെയാണ് വീണ്ടും ആശങ്ക പരക്കുന്നത്. അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ വരുന്ന കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി (48) ആണ് മരിച്ചത്.
മാര്‍ച്ച് 05 ന് രോഗബാധയെ തുടര്‍ന്ന് ജില്ലാസ്പത്രിയില്‍ ചികിത്സ തേടുകയും അസുഖം മൂര്‍ഛിച്ചതിനാല്‍ ആറാം തീയതി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയുമായിരുന്നു. അവിടെ വെച്ച് ഇന്നലെ വൈകുന്നേരത്തോടെ മീനാക്ഷി മരണപ്പെടുകയായിരുന്നു.വയനാട് ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി മൂലം മരണപ്പെട്ട ആദ്യ രോഗിയാണ് മീനാക്ഷി. ഇന്നലെ വരെ 13 പേരാണ് കുരുങ്ങുപനി ബാധ മൂലം ചികിത്സ തേടിയത്. ഇതില്‍ 11 പേരും അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലുള്ളവരാണ്. മറ്റ് രണ്ട് പേര്‍ കുറുക്കന്‍മൂല, പാക്കം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്നവരാണ്. കഴിഞ്ഞ വര്‍ഷം 2 പേരാണ് ജില്ലയില്‍ കുരങ്ങുപനി മൂലം മരണപ്പെട്ടത്. നിലവില്‍ നാല് പേരായിരുന്നു ചികിത്സയിലുള്ളത്.
അതില്‍ ഒരാളാണ് മരിച്ചത്. ഇപ്പോള്‍ മൂന്നുപേര്‍ ചികിത്സയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, മാനന്തവാടി ജില്ലാ ആസ്പത്രി, മാനന്തവാടിയിലെ ഒരു സ്വകാര്യ ആസ്പത്രി എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതമാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.വന സമീപ ഗ്രാമങ്ങളിലും  പട്ടിക വര്‍ഗ്ഗ സങ്കേതങ്ങളിലും താമസിക്കുന്നവര്‍ക്കുണ്ടാകുന്ന പനി കരുതലോടെ കാണണം. പനി, മറ്റ് അസുഖങ്ങളുടെ വിവരങ്ങള്‍ എന്നിവ അടിയന്തിരമായി ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം.  ട്രൈബല്‍ പ്രമോട്ടര്‍മാരും ഇക്കാര്യത്തില്‍ ശ്രദ്ധ നല്‍കണം. ആരോഗ്യ കേന്ദ്രങ്ങള്‍  അടിയന്തര സാഹചര്യങ്ങളില്‍  ചികിത്സ നല്‍കാന്‍ സജ്ജമായിരിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പനിയുള്ളവര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണം. സ്വയം ചികിത്സക്ക് മുതിരരുത്.  വിറകിനായും മറ്റും വനത്തില്‍ പ്രവേശിക്കുന്നവരും രോഗം പകരാനിടയുള്ള വനാതിര്‍ത്തിയോട് ചേര്‍ന്ന് താമസിക്കുന്ന പട്ടിക വര്‍ഗ കോളനികളില്‍ താമസിക്കുന്നവരും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.
ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കണം. കാട്ടു പ്രദേശങ്ങളിലേക്ക് മേയാന്‍ വിടുന്ന മൃഗങ്ങളില്‍ രോഗപ്രതിരോധ ലേപനം പൂശണം.  ഈ ലേപനം വെറ്ററനറി ആശുപത്രികളില്‍ ലഭ്യമാണ്. കുരങ്ങുകളിലെ ചെള്ളുകളില്‍(ഹീമോ ഫിസാലിഫ് നിംഫുകള്‍) നിന്നാണ് പ്രധാനമായും കുരങ്ങുപനി(ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്) പകരുന്നത്. എലി, അണ്ണാന്‍ വവ്വാല്‍ എന്നിവയിലൂടെയും കെ. എഫ്. സി പകരാന്‍ സാധ്യതയുണ്ട്. 1955ല്‍ കര്‍ണാടകയിലെ ഷിമോഗ ജില്ലയില്‍ പെട്ട കാസനോരുവിലാണ് ഇന്ത്യയില്‍ ആദ്യമായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കാസനോരുവില്‍ പ്രതിരോധം പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ഭീഷണിയൊഴിഞ്ഞ കുരങ്ങുപനി 2013ലാണ് കേരളത്തില്‍ ആദ്യമായി സ്ഥിരീകരിക്കുന്നത്. 2013ലും 2014ലും സംസ്ഥാനത്ത് ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 2014ല്‍ പടര്‍ന്നുപിടിച്ച പനിയില്‍ ജില്ലയില്‍ 11 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് അസുഖം ബാധിക്കുകയും ചെയ്തിരുന്നു.