മുഖീ ഹുസൈന്റെ സ്വപ്‌നങ്ങള്‍ ഇനി ചിറകടിച്ചുയരും

മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ മുഖീം ഹുസൈന് ധനസഹായം കൈമാറിയപ്പോള്‍. എം.കെ നൗഷാദ് അടക്കമുള്ള നേതാക്കള്‍ സമീപം

കചൂരികാസ്റ്റയിലെ മുഖീം ഹുസൈന്റെ സ്വപ്‌നങ്ങള്‍ ഇനിയും ചിറകടിച്ചുയരും. കലാപകാരികള്‍ അഗ്നിക്കിരയാക്കിയ കട നവീകരിച്ച് അദ്ദേഹം ഇനിയും അധ്വാനിക്കും. തന്റെ കുടുംബത്തിന്റെ പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും മുഖീം യാഥാര്‍ത്ഥ്യമാക്കും. മുസ്‌ലിം ലീഗിന്റെയും എഐകെഎംസിസിയുടെയും കാരുണ്യത്തില്‍ മുഖീം ഹുസൈന്‍ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്.
തയ്യല്‍ മെഷീന്‍ നിര്‍മ്മിക്കുകയും പഴകിയത് നന്നാക്കുകയും ചെയ്യുന്ന കടയായിരുന്നു എ.ആര്‍ വുഡ് എന്റര്‍പ്രൈസസ്. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയഞ്ചിന് രാവിലെ മുഖീമും മകനും കടയിലിരിക്കുമ്പോള്‍ സമീപത്തെ ഗല്ലികളിലൂടെ  നൂറോളം വരുന്ന ആക്രമി സംഘം ഇരച്ചെത്തി. അവര്‍ പെട്രോള്‍ ബോംബും ഗ്യാസ് സിലിണ്ടറുകളും കടയുടെ അകത്തേക്കെറിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ കട പൂര്‍ണമായും കത്തിനശിച്ചു. ദൈവാനുഗ്രഹത്താലാണ് താനും മകനും ജീവനും കൊണ്ട് രക്ഷപ്പെട്ടതെന്ന് മുഖീം പറയുന്നു. കെട്ടിടത്തിന്റെ ചുമരുകളടക്കം പൂര്‍ണമായും തകര്‍ത്തിട്ടുണ്ട്. കത്തിച്ചാരമായ പ്ലൈവുഡ് കട കഴിഞ്ഞ ദിവസമാണ് മുസ്‌ലിം ലീഗിന്റെ റിലീഫ് കമ്മിറ്റി സന്ദര്‍ശിക്കുന്നത്. തന്റെ കടയിലുണ്ടായിരുന്ന യന്ത്രങ്ങള്‍ വാങ്ങാന്‍ സഹായിച്ചാല്‍ തന്നെ ആശ്രയിച്ച് കഴിയുന്ന ഒരുപാട് കുടുംബങ്ങള്‍ക്ക് അതൊരു ആശ്വാസമാകുമെന്ന് മുഖീം പറഞ്ഞപ്പോള്‍ ആള്‍ ഇന്ത്യാ കെഎംസിസി പ്രസിഡണ്ട് എം.കെ നൗഷാദും സെക്രട്ടറി എഐ ഷംസുദ്ദീനും അപ്പോള്‍ തന്നെ ഇടപ്പെട്ട് നാലര ലക്ഷത്തിന്റെ സാമ്പത്തിക സഹായം നല്‍കാന്‍ ഏര്‍പ്പാട് ചെയ്യുകയായിരുന്നു.
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍  മുഖിം ഹുസൈന് സഹായധനം നല്‍കി.