ഉപദേശിക്കാന്‍ നോക്കിയ വല്ല്യമ്മയ്ക്ക് ചെറുമകന്‍ നല്‍കിയത് ക്രൂര മരണം

പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍

അണ്ടത്തോട്: ഉപദേശിക്കാന്‍ നോക്കിയ വല്യമ്മയ്ക്ക് ചെറുമകന്‍ നല്‍കിയത് ക്രൂര മരണം, വട്ടംപാടം റുഖിയയുടെ മരണം കൊലപാതകം, പ്രതിയെ കുന്നംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്, വടക്കേക്കാട് ഐ സി എ കോളേജിന് കിഴക്ക് ഭാഗത്ത് താമസിക്കുന്ന തൊഴുകട്ടില്‍ റുക്കിയ (70) ആണ് ചെറുമകന്‍ സവാദിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി അതിദാരുണമായി കൊല്ലപ്പെട്ടത്. റുഖിയയുടെ മകള്‍ ഫൗസിയയുടെ മകനാണ് സവാദ് (27). റുഖിയയുടെ ഭര്‍ത്താവ് മുഹമ്മദും മറ്റൊരു മകന്‍ നൗഷാദ് നേരത്തെ മരിച്ചിരുന്നു. അതിനുശേഷം പേരക്കുട്ടി സവാദ് മൊത്താണ് റുക്കിയ താമസിച്ചിരുന്നത്, മകന്റെ സ്വാഭാവദൂഷ്യം കാരണം പാലക്കാട് ചെര്‍പ്പുള്ളശ്ശേരിയില്‍ താമസിക്കുന്ന ഫൗസിയ ഇങ്ങോട്ട് വരാറില്ല. ബന്ധുവീട്ടില്‍ ഉറങ്ങാന്‍ പോയിരുന്ന റുഖിയ സംഭവദിവസം സവാദ് മൊത്താണ് സ്വന്തം വീട്ടിലെത്തിയത്, സവാദിന്റെ സ്വാഭാവദൂഷ്യത്തെ ചൊല്ലി വീട്ടില്‍ വഴക്ക് പതിവാണ്. സംഭവദിവസം വീട്ടിലെത്തി ഭക്ഷണം ഉണ്ടാക്കിയതിനു ശേഷം കഴിക്കാന്‍ വിളിക്കുകയും ഉപദേശിക്കുകയും ഇതില്‍ പ്രകോപിതനായ സവാദ് വല്യമ്മയെ മുഖത്തും തലയിലും അടിക്കുകയും തള്ളുകയും നിലത്ത് വീണ് നിലവിളിച്ചപ്പോള്‍ കഴുത്ത് പിടിച്ച് ഞെരിച്ച് കൊല്ലുകയുമാണുണ്ടായത്. വല്യമ്മയുടെ കൈ പിടിച്ച് ജീവനില്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് സവാദ് വീട് പുറത്തുനിന്ന് പൂട്ടി ബൈക്ക് എടുത്ത് സ്ഥലം വിട്ടത്. കുന്നംകുളം പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് വീട്ടിനുള്ളില്‍ മലര്‍ന്നടിച്ചു വീണ നിലയില്‍ റുഖിയ കൊല്ലപ്പെട്ട് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സവാദിനെ പോലീസ് കസ്റ്റഡിയില്‍ വെക്കുകയായിരുന്നു. എ.സി. പി. ടി എസ് ഷിനോജ് നേതൃത്വത്തില്‍ വടക്കേക്കാട് പോലീസും മൊബൈല്‍ ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം നടത്തിയതിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി, രാത്രി എട്ടുമണിക്ക് വട്ടംപാടം കല്ലിങ്ങല്‍ റോഡിലുള്ള റുഖിയയുടെ സഹോദരന്റെ മകന്‍ തൊഴുകാട്ടില്‍ ഷാജിയുടെ വീട്ടില്‍ കൊണ്ടുവന്ന മൃതദേഹം 9 മണിക്ക് കല്ലൂര്‍ ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സവാദിനെ ചൊവ്വാഴ്ച ഉച്ചക്ക് 2മണിക്ക് തെളിവെടുപ്പിനായി സംഭവം നടന്ന സ്ഥലത്ത് കൊണ്ടുവരികയും നടന്ന സംഭവം യാതൊരു ഭാവവ്യത്യാസവും കൂടാതെ പോലീസിന് വിവരിച്ചു കൊടുത്തത് കൂടിനിന്നവര്‍ നെഞ്ചിടിപ്പോട് കൂടിയാണ് കേട്ടുനിന്നത്, വടക്കേക്കാട് എസ്.എച്ച്.ഒ.അബ്ദുല്‍ ഹക്കീം എ.എസ്.ഐ.പ്രദീപ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്, പിനീട് പ്രതിയെ കുന്നംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.