ദുബൈ: 72 ആണ്ടിന്റെ മുസ്‌ലിം ലീഗ് ചരിത്ര ഗ്രന്ഥവുമായി പ്രമുഖ ചരിത്രകാരനും അല്‍ ഐന്‍ ദാറുല്‍ ഹുദ യുഎഇ ചരിത്ര വിഭാഗം തലവനുമായ മുജീബ് തങ്ങള്‍ കൊന്നാര്.
‘മുസ്‌ലിം ലീഗ്: ഖാഇദെ മില്ലത്ത് മുതല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ വരെ’ എന്ന അദ്ദേഹത്തിന്റെ കൃതി മുസ്‌ലിം ലീഗിന്റെ സമ്പൂര്‍ണ ചരിത്രം അനാവരണം ചെയ്യുന്ന കൃതിയാണ്. 1906ല്‍ സ്ഥാപിതമായ സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ ചരിത്രത്തിലൂടെ സഞ്ചരിച്ച് 1948 മാര്‍ച്ച് 10ന് സ്ഥാപിതമായ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ചരിത്രം വിവരിക്കുന്ന 600ലധികം പേജുകളുള്ള ഒരു റഫറന്‍സ് കൃതിയാണിത്.
കോഴിക്കോട് എഡ്യൂമാര്‍ട്ട് പബ്ിളികേഷന്‍സ് ആണ് പ്രസാധകര്‍. മുസ്‌ലിം ലീഗിന്റെ പൂര്‍വകാല നേതാക്കളുടെയും വര്‍ത്തമാന കാല നേതാക്കളുടെയും ചരിത്രവും പാര്‍ട്ടിയുടെ നയങ്ങളും സംഭാവനകളും ഈ അക്ഷരോപഹാരത്തില്‍ അടങ്ങിയിരിക്കുന്നു. മുസ്‌ലിം ലീഗിന്റെ സമ്പൂര്‍ണ ചരിത്രം എഴുതിയ മുജീബ് തങ്ങള്‍ ലീഗ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ‘ശിഹാബ് തങ്ങള്‍ വിദേശ രാഷ്ട്രങ്ങളില്‍’, ‘പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങള്‍: ജീവ ചരിത്രം’, ‘സീതി ഹാജി ഫലിതങ്ങള്‍’ എന്നീ കൃതികള്‍ കൂടി രചിച്ചിട്ടുണ്ട്. രാഷ്ട്രീയ ഗ്രന്ഥങ്ങള്‍ക്ക് പുറമെ മതം, സാമൂഹികം, സാംസ്‌കാരികം, ഗവേഷണം എന്നീ ശാഖകളിലായും തങ്ങളുടെ കൃതികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ആകെ 16 കൃതികളാണ് മലയാള സാഹിത്യ ശാഖക്ക് മുജീബ് തങ്ങള്‍ കൊന്നാര് സമര്‍പ്പിച്ചത്.
അവസാന കൃതി 2019 ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക് ഫെയറില്‍ ഇറങ്ങിയ ‘മരുഭൂമിയുടെ മധുരം’ എന്ന ഈത്തപ്പഴത്തെ കുറിച്ചുള്ള ഗവേഷണ പഠനമാണ് .