കര്‍ശന നിരീക്ഷണവുമായി അജ്മാന്‍

അജ്മാന്‍: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ മാസ്‌ക് പോലെയുള്ള അവശ്യ വസ്തുക്കളുടെ വില വര്‍ധിപ്പിക്കുകയോ ഉപയോക്താക്കള്‍ക്ക് പ്രയാസം സൃഷ്ടിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിലപാടെടുക്കുമെന്ന് അജ്മാന്‍ സാമ്പത്തിക കാര്യാലയം മുന്നറിയിപ്പ് നല്‍കി. മറ്റൊരറിയിപ്പ് ഉണ്ടാകുന്നതു വരെ ജനങ്ങള്‍ കൂട്ടം കൂടുന്നതും വിനോദ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതും അജ്മാനില്‍ വിലക്കിയിട്ടുണ്ട്. മാളുകളില്‍ ശരീര താപനില പരിശോധിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മാളുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവ നടപ്പാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താന്‍ പരിശോധന നടക്കുകയും ചെയ്യും. പൊതുജനങ്ങള്‍ ഇക്കാര്യങ്ങളില്‍ ബോധവാന്മാരായിരിക്കണമെന്നും വിലവര്‍ധന, ചൂഷണം എന്നിവ ശ്രദ്ധയില്‍ പെടുന്നവര്‍ 800 70 ടോള്‍ഫ്രീ നമ്പറില്‍ വിവരം അറിയിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.