ഒടുവില്‍ കഴുമരമേറി

6

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടമാനഭംഗക്കേസിലെ നാലു പ്രതികളേയും തൂക്കിലേറ്റി. വിചാരണക്കോടതി ഉത്തരവു പ്രകാരം ഇന്നലെ പുലര്‍ച്ചെയാണ് പ്രതികളായ മുകേഷ് സിങ്, അക്ഷയ് സിങ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് സിങ് എന്നിവരുടെ വധശിക്ഷ നടപ്പാക്കിയത്. പുലര്‍ച്ചെവരെ നീണ്ടുനിന്ന നിയമ യുദ്ധത്തിനൊടുവിലാണ് നാലുപേരും തീഹാര്‍ ജയിലില്‍ ഒരുക്കിയ കഴുമരത്തിലേറിയത്. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി പുലര്‍ച്ചെ മൂന്നു മണിക്ക് സുപ്രീംകോടതി പരിഗണിച്ചെങ്കിലും പുതിയ ഒരു കാര്യവും വാദത്തില്‍ മുന്നോട്ടു വെച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു.
ശിക്ഷ നടപ്പിലാക്കുന്നത് തടയാന്‍ വിചാരണ കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് പുലര്‍ച്ചെ തള്ളിയത്. അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവര്‍ക്ക് വേണ്ടിയുള്ള ഹര്‍ജി ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസ് ബൊപ്പണ, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചായിരുന്നു പരിഗണിച്ചത്.
ഏഴ് വര്‍ഷവും മൂന്ന് മാസങ്ങളും നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് നിര്‍ഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പിലായത്. മുഖം മറച്ചായിരുന്നു പ്രതികളെ കഴുമരത്തിനടുത്തെത്തിച്ചത്. ചട്ടപ്രകാരം 30 മിനുട്ട് നേരം കഴുമരത്തില്‍ തൂങ്ങിക്കിടന്ന ശേഷം മജിസ്‌ട്രേറ്റ് നാല് പേരും മരിച്ചെന്ന കാര്യം ഒദ്യോഗികമായി സ്ഥിരീകരിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടവും കഴിഞ്ഞ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. പൊതുദര്‍ശനം ഉള്‍പ്പെടെ അനുവദിക്കില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.  ശിക്ഷ നടപ്പിലാക്കുന്നത് അറിഞ്ഞ്  നിരവധിയാളുകളാണ് ജയിലിന് പുറത്ത് തടിച്ച് കൂടിയത്. നിര്‍ഭയയുടെ വീടിന് പുറത്ത് ആളുകള്‍ ആഹ്ലാദ പ്രകടനവും നടത്തി.
2012 ഡിസംബര്‍ 16നാണ് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 23കാരി ക്രൂരമായ കൂട്ട മാനഭംഗത്തിനിരയായത്. മാറി മാറി ബലാത്സംഗം ചെയ്യുകയും ജനനേന്ദ്രിയം ഇരുമ്പ് ദണ്ഡ് കയറ്റി തകര്‍ത്ത് മൃതപ്രായയാക്കുകയും ചെയ്ത ശേഷം റോഡരികില്‍ തള്ളുകയായിരുന്നു. ഡല്‍ഹി എയിംസിലും സിംഗപ്പൂരിലെ സ്വകാര്യ ആസ്പത്രിയിലും വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങി.