ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റി. പ്രതികളായ അക്ഷയ് കുമാര്‍ സിംഗ്, പവന് ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിംഗ് എന്നിവരെയാണ് ഇന്ന് രാവിലെ 5.30ന് വധശിക്ഷക്ക് വിധേയമാക്കിയത്.
ജസ്റ്റിസുമാരായ ആര്.ഭാനുമതി, അശോക് ഭൂഷന്, എ.എസ്.ബൊപ്പണ്ണ എന്നിവരാണ് കേസ് പരിഗണിച്ചത്. ദയാഹര്‍ജി തള്ളിയതില്‍ ജുഡീഷ്യല്‍ പരിശോധന പരിമിതമാണ് എന്ന് കോടതി നിരീക്ഷിച്ചു. നിര്‍ഭയയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. വിധിയില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.
വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നിര്‍ഭയ കേസിലെ പ്രതികള്‍ അവസാന നീക്കവും നടത്തിയെങ്കിലും പരാജയപ്പെട്ടു. പവന് ഗുപ്ത നല്കിയ രണ്ടാം ദയാ ഹര്‍ജി തള്ളിയതിനെതിരെയാണ് പുലര്‍ച്ചെ 2.50ന് സുപ്രീം കോടതിയെ സമീപിച്ചത്.
കുറ്റകൃത്യം നടക്കുമ്പോള്‍ പവന് ഗുപ്തക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും ജയിലില്‍ മര്‍ദനമേറ്റതിനെ തുടര്‍ന്ന് നല്കിയ പരാതി കര്‍ക്കര്‍ദൂമ കോടതിയില്‍ പരിഗണനയിലാണെന്നുമുള്ള വാദവും കോടതി തള്ളി. രാജ്യാന്തര കോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകള്‍ പ്രസക്തമല്ലെന്ന് നിരീക്ഷിച്ച് ഡല്‍ഹി കോടതി ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് പ്രതിഭാഗം പുലര്‍ച്ചെ സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടു ദിവസത്തേക്കെങ്കിലും വിധി മാറ്റിവെക്കണമെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് എ.പി സിംഗ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.