ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ
മൂന്നു മാസത്തേക്ക് അഞ്ചു കിലോ വീതം സൗജന്യ ഭക്ഷ്യധാന്യം
ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മൂന്നുമാസത്തേക്ക് സൗജന്യ എല്‍.പി.ജി
ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യം മുഴുവന്‍ അടച്ചിട്ടതോടെ ജനങ്ങളുടെ ദൈനംദിന ബജറ്റിലുണ്ടായ ആഘാതം മറികടക്കാന്‍ പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനക്കു കീഴില്‍ 1.70 ലക്ഷം കോടിയുടെ പാക്കേജാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പ്രഖ്യാപിച്ചത്. സൗജന്യ ഭക്ഷ്യ ധാന്യവും സാമ്പത്തിക സഹായവും ഇതില്‍ ഉള്‍പ്പെടും. രോഗവ്യാപനം തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം ജനങ്ങളുടെ ജീവിതദുരിതം അകറ്റാന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ നേരത്തെതന്നെ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രഖ്യാപനം. നിയന്ത്രണങ്ങള്‍ കാരണം രാജ്യത്ത് ഒരാളും പട്ടിണി കിടക്കേണ്ടി വരില്ലെന്നും ഇതിനു വേണ്ടിയാണ് പാക്കേജ് പ്രഖ്യാപിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ആദ്യഘട്ട സാമ്പത്തിക പാക്കേജ് ആണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നതെന്നും രണ്ടാംഘട്ട പാക്കേജ് ഉടനുണ്ടാകുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായ വാണിജ്യ മേഖലക്ക് ആശ്വാസം പകരുന്ന നി കുതിയിളവുകളും റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സാവകാശവും ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങളും ധനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയിരുന്നു.