അച്ചടി മാധ്യമങ്ങളുടെ വിതരണത്തില്‍ എന്‍എംസി നിയന്ത്രണമേര്‍പ്പെടുത്തി

    ദുബൈ: അച്ചടിക്കുന്ന ദിനപത്രങ്ങളും മാഗസിനുകളുടെയും വിതരണത്തില്‍ നാഷണല്‍ മീഡിയ കൗണ്‍സില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അച്ചടി മാധ്യമങ്ങള്‍ സ്ഥിരം വരിക്കാര്‍ക്ക് മാത്രം എത്തിച്ചാല്‍ മതിയെന്നാണ് എന്‍എംസിയുടെ തീരുമാനം. മാര്‍ച്ച് 24 മുതല്‍ ഇത് പ്രാബല്യത്തില്‍ വരുത്തണമെന്നും ഇക്കാര്യത്തില്‍ മറ്റൊരു നോട്ടീസോ അറിയിപ്പോ ഉണ്ടായിരിക്കുന്നതല്ലെന്നും കൗണ്‍സിലിനെ ഉദ്ധരിച്ച് ഇമാറാത്തി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ എല്ലാ അച്ചടി മാധ്യമങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കും. ഈ വിലക്കില്‍ നിന്നും ഹെല്‍ത്ത് അതോറിറ്റിയുടെ പ്രസിദ്ധീകരണങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. സ്ഥിരം വരിക്കാര്‍ക്കും പ്രധാനപ്പെട്ട ഷോപ്പിംഗ് സെന്ററുകളിലെ ഔട്ട്‌ലെറ്റുകളിലും അച്ചടി പ്രസിദ്ധീകരണങ്ങള്‍ എത്തിക്കാന്‍ അനുമതിയുണ്ട്. എല്ലാ സ്ഥലങ്ങളിലും ഇത് വില്‍പന നടത്താന്‍ അനുമതിയുണ്ടാവില്ല. കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൈകള്‍ കൊണ്ടുള്ള സ്പര്‍ശം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. ഈ സാഹചര്യത്തില്‍ ദിനപത്രങ്ങളുടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതില്‍ ജാഗ്രത കാണിക്കണമെന്ന് ആവശ്യപ്പെടുകയും ഈ ദൗത്യത്തില്‍ പുലര്‍ത്തുന്ന കൃത്യതയില്‍ എന്‍എംസി കൃതജഞത രേഖപ്പെടുത്തുകയുടെ ചെയ്തു.