നൂതന സേവനവുമായി ഷാര്‍ജ ചേംബര്‍ വ്യാപാരികള്‍ക്കരികിലേക്ക്

26

ഷാര്‍ജ: വാണിജ്യ മേഖലയിലെ വിവിധ സേവനങ്ങള്‍ നേരിട്ടെത്തിക്കുന്ന സംവിധാനവുമായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് വ്യാപാരികള്‍ക്കരികിലേക്ക് എത്തുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സേവനം ലഭ്യമാക്കുന്നത്. അത്യാധുനിക സംവിധാനങ്ങളോടെ സജ്ജീകരിച്ച വാഹനത്തിലാണ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യക്കാരിലേക്ക് എത്തുക.
ഇന്റര്‍നെറ്റ്, ലാപ്‌ടോപ്, മറ്റനുബന്ധ സൗകര്യങ്ങള്‍ എല്ലാം വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കൊറോണ വൈറസിനെതിരെയുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള നൂതന സേവനവുമായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് രംഗത്തെത്തിയിട്ടുള്ളത്.
വാണിജ്യ രംഗത്തുള്ളവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അമീന്‍ അല്‍അവദി വ്യക്തമാക്കി. പുതിയ സംവിധാനം നിക്ഷേപകര്‍ക്കും കച്ചവടക്കാര്‍ക്കും ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.