വടക്കന്‍ എമിറേറ്റുകളില്‍ വിജനമായ വീഥികള്‍; പരസ്പര ബോധവവത്‌രണം സജീവം

ഷാര്‍ജ/റാസല്‍ഖൈമ: വടക്കന്‍ എമിറേറ്റുകള്‍ പൊതുവെ രാത്രി കാലങ്ങളില്‍ വിജനമാണ്. പകല്‍ സമയങ്ങളില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ രാത്രി ഏഴു മണിക്കു മുമ്പു തന്നെ താമസ സ്ഥലങ്ങളില്‍ എത്തിച്ചേരും. സ്വന്തമായി പാകം ചെയ്യാതെ പുറത്തു നിന്നും ഭക്ഷണം കഴിച്ചിരുന്ന നിരവധി പേര്‍ മെസ്സുകളില്‍ ചേരുകയോ പരിമിതമായ സൗകര്യങ്ങളില്‍ സ്വയം പാകം ചെയ്യുന്നതിനോ തുടക്കം കുറിച്ചിരിക്കുകയാണ്.
കൊറോണയെ കുറിച്ച് പരസ്പരം ബോധവത്കരണം നടത്തുന്നതില്‍ പ്രവാസികള്‍ മുന്നിട്ടു നില്‍ക്കുന്നു. ഒന്നിച്ചു ജോലി ചെയ്യുന്നവരും കൂടെ താമസിക്കുന്നവരുമെല്ലാം ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മറ്റുള്ളവരുമായി അകലം പാലിക്കണമെന്ന നിര്‍ദേശം പുറത്തിറങ്ങുന്നവര്‍ കണിശമായും പാലിക്കണമെന്ന സന്ദേശം ചില ബാച്ചിലര്‍ മുറികളില്‍ താമസക്കാര്‍ തന്നെ എഴുതി വെച്ചാണ് ഓര്‍മപ്പെടുത്തുന്നത്.
ശുചീകരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വളരെ ചെറിയ പ്രതിമാസ വേതനം പറ്റുന്നവര്‍ക്ക് ഓവര്‍ടൈം ആയിരുന്നു പ്രധാന ആശ്വാസം. എന്നാല്‍, ജോലി സമയം കുറക്കുകയും ജീവനക്കാരെ പരിമിതപ്പെടുത്തുകയും ചെയ്തതോടെ വേതനം ഗണ്യമായി കുറഞ്ഞവര്‍ ഏറെയാണ്. ഇവര്‍ നാട്ടിലെ ബന്ധുക്കള്‍ക്ക് പണമയക്കുന്നതിന് പ്രയാസപ്പെടുമെന്ന ആശങ്കയിലാണ്.
ഫ്‌ളാറ്റുകളിലും വില്ലകളിലും പ്രാര്‍ത്ഥനയിലും ഖുര്‍ആന്‍ പാരായണത്തിലുമായി കഴിയുന്നവര്‍ ഏറെയാണ്. ഇനിയും എത്ര വെള്ളിയാഴ്ചകള്‍ ജുമുഅ ഇല്ലാതെ കഴിയേണ്ടി വരുമെന്ന മന:പ്രയാസം ഇവരെ വല്ലാതെ അലട്ടുന്നുണ്ട്. എത്രയും വേഗം ലോകത്ത് നിന്നും മഹാമാരി നീങ്ങണമെന്ന പ്രാര്‍ത്ഥനയാണ് ഇവര്‍ക്കുള്ളത്. പുണ്യ റമദാന്‍ അടുത്തെത്തിയതോടെ വിശ്വാസികളുടെ വിങ്ങലുകള്‍ പ്രാര്‍ത്ഥനയില്‍ തേങ്ങലായി മാറുന്നുണ്ട്.